ചെന്നൈ|
PRIYANKA|
Last Modified വെള്ളി, 1 ജൂലൈ 2016 (16:01 IST)
ഇന്‍ഫോസിസ് ജീവനക്കാരി സ്വാതി റെയില്‍വേ സ്‌റ്റേഷനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. ജൂണ്‍ 24ആം തിയതി രാവിലെ 06.50നാണ് സ്വാതി റെയില്‍വേ സ്റ്റേഷനില്‍ വെട്ടേറ്റ് മരിച്ചത്. അതിനും ദിവസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ ആറിനോ ഏഴിനോ റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്ന സ്വാതിക്ക് സമീപത്തേക്ക് ഒരു യുവാവ് ചെല്ലുകയും സംസാരിക്കുകയും ചെയ്തിരുന്നു.
ഇരുവരും സംസാരിച്ച് അല്പസമയത്തിനുള്ളില്‍ അയാള്‍ സ്വാതിയെ തല്ലാന്‍ ആരംഭിച്ചു. എന്നാല്‍, അത് എതിര്‍ക്കുകയോ കരയുകയോ തടയുകയോ സ്വാതി ചെയ്തില്ല. യാതൊരു പ്രതികരണവുമില്ലാതെ സ്വാതി അടി കൊള്ളുകയാണ് ചെയ്തത്. സ്റ്റേഷനിലെ മറ്റ് സ്ത്രീകളെല്ലാം എന്തിനാണ് ഈ കുട്ടി തല്ല് വാങ്ങുന്നതെന്ന് ഉറക്കെ ആശ്ചര്യപ്പെടുകയും ചെയ്തു. അന്ന് സ്വാതിയെ തല്ലിയ യുവാവിന് കൊലപാതകത്തില്‍ പങ്കുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ തല്ലിയതും കൊന്നതും ഒരാളല്ല. സ്വാതിയെ തല്ലിയ യുവാവ് വെളുത്ത് സുന്ദരനായിരുന്നു. കൊല നടത്തിയയാള്‍ക്ക് ഇരുണ്ട നിറമാണ്.
സ്വാതിയെ തല്ലിയ ആളെ തനിക്ക് പെട്ടെന്ന് തിരിച്ചറിയാനാകും എന്നാണ് ദൃക്‌സാക്ഷി പറയുന്നത്. പൊലീസ് നിരവധി ചിത്രങ്ങള്‍ കാണിച്ചിരുന്നെങ്കിലും അവളെ കൊന്നയാളെയോ തല്ലിയ ആളെയോ അതില്‍ കണ്ടില്ല. സ്വാതിയുടെ പെരുമാറ്റത്തില്‍ നിന്നും മനസിലായത് ഇരുവരെയും അവള്‍ക്ക് മുന്‍പരിചയം ഉണ്ടായിരുന്നുവെന്നാണ്. അപരിചതനായ ഒരാള്‍ തന്റെ തൊട്ടടുത്തേക്ക് വരുന്ന അമ്പരപ്പ് സ്വാതിയില്‍ ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷി വ്യക്തമാക്കുന്നു.