സി‌ഐയെ കൊല്ലാന്‍ ശ്രമിച്ച കേസ് സര്‍ക്കാരിടപെട്ട് അവസാനിപ്പിച്ചു

തിരുവനന്തപുരം| VISHNU.NL| Last Updated: ബുധന്‍, 15 ഒക്‌ടോബര്‍ 2014 (17:07 IST)
2005ല്‍ തിരുവനന്തപുരം എം‌ജി കോളേജില്‍ നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ സി‌ഐയെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസ് സംസ്ഥാന ആഭ്യന്തര വകുപ്പ് പിന്‍‌വലിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസാണ് പിന്‍വലിച്ചത്. സംഭവം നടക്കുമ്പോള്‍ അന്ന് പേരൂര്‍ക്കട സി‌ഐ ആയിരുന്ന മോഹന നായര്‍ക്കുനേരേയാണ് ആര്‍‌എസ്‌എസ്- എബിവിപി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞത്.

കാലിന് ഗുരുതരമായ പരിക്കേറ്റ മോഹനന്‍ നായര്‍ മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞു. ഒരു വര്‍ഷത്തോളം അവധിയില്‍ കഴിഞ്ഞ ശേഷമാണ് സിഐക്ക് ജോലിയില്‍ പ്രവേശിക്കാനായത്. അന്ന് കേസില്‍ അകപ്പെട്ട 32 ആര്‍ എസ്എസ്- എബിവിപി പ്രര്‍ത്തകര്‍ നല്‍കിയ അപേക്ഷയേ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് കേസ് പിന്‍‌വലിക്കാന്‍ തീരുമാനിച്ചത്. വധശ്രമം, സ്ഫോടകവസ്തുക്കളുടെ ഉപയോഗം, സംഘം ചേരല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ തീരുമാനം സേനയ്ക്കുള്ളില്‍ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അഭിഭാഷക തിരുവനന്തപുരം അഡീഷണല്‍ സെഷന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കോടതി നോട്ടീസ് അയച്ചിട്ടും മോഹനന്‍നായര്‍ കോടതിയിലെത്തിയില്ല. സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന്‍ ഹാജരാകാതിരുന്നതെന്നാണ് വിവരം. വാദി എതിര്‍പ്പ് ഉന്നയിക്കാത്തിനാല്‍ കേസ് കോടതി എഴുതി തള്ളി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :