സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 9 ഓഗസ്റ്റ് 2024 (16:43 IST)
സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാതെ വയനാടിനു വേണ്ടിയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് ഷുക്കൂര്‍ വക്കീല്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. സംഭവത്തില്‍ ബന്ധപ്പെട്ട അതോറിറ്റികളില്‍ പരാതി നല്‍കാതെ കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയത് പ്രശസ്തിക്ക് വേണ്ടിയാണോയെന്ന് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. പിന്നാലെ 25000 രൂപ പിഴയടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.
വിവിധ സംഘടനകള്‍ വയനാടിനു വേണ്ടി അവരുടെ അക്കൗണ്ടിലൂടെ ഫണ്ടുകള്‍ ശേഖരിക്കുന്നുണ്ട്. ഈ ഫണ്ടുകള്‍ വിനിയോഗിക്കുന്നത് നിരീക്ഷിക്കാന്‍ ഒരു സംവിധാനം ഇല്ല. ഇത്തരത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കില്‍ പലരുടെയും പണം നഷ്ടപ്പെടുമെന്നും സമൂഹനന്മ കണക്കാക്കി പണം സംഭാവന ചെയ്യുന്നവരുടെ പണം അര്‍ഹരായവരിലേക്ക് എത്തില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. അതിനാല്‍ സംഘടനകളുടെ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.