എറണാകുളം|
Last Modified വെള്ളി, 5 ഏപ്രില്‍ 2019 (14:16 IST)
എറണാകുളം മണ്ഡലത്തിൽ സരിത എസ് നായര്‍ നല്‍കിയ നാമനിർദേശ പത്രിക തള്ളിയേക്കുമെന്ന് റിപ്പോര്‍ട്ട്. പത്രികയിൽ കേസുകളുടെ വിശദാംശങ്ങളിൽ അവ്യക്തത വന്നതാണ് പ്രശ്‌നകാരണം.
പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ രാവിലെ പത്തരയ്ക്ക് മുമ്പ്
അവ്യക്തത നീക്കാൻ സരിതയ്‌ക്ക് വരണാധികാരി നിർദേശം നൽകി. അല്ലാത്ത പക്ഷം പത്രിക തള്ളും.
സോളാർ തട്ടിപ്പ് കേസിൽ സരിതയെ മൂന്നു വർഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേൽക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിർദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയിട്ടില്ല. മൂന്നുവർഷം തടവിന് ശിക്ഷിക്കപ്പെട്ടാൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാനാകില്ല. സ്റ്റേ ചെയ്ത കോടതി ഉത്തരവിന്‍റെ പകർപ്പ് നാളെ പത്തരയ്ക്ക് മുമ്പ് ഹാജരാക്കണമെന്നാണ് സരിതയ്ക്ക് വരണാധികാരി നിർദ്ദേശം നൽകിയിരിക്കുന്നത്.
എറണാകുളം മണ്ഡലത്തിന് പുറമെ വയനാട്ടിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനും സരിത പത്രിക നൽകിയിട്ടുണ്ട്. എറണകുളം കളക്ട്രേറ്റിൽ നാംനിർദേശ പത്രിക വാങ്ങാൻ എത്തിയപ്പോഴായിരുന്നു എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കുന്നതായി സരിത വ്യക്തമാക്കിയത്.
താൻ നൽകിയ പരാതിയിൽ പ്രതികളായവര്‍ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അവർക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാം. ഈ സന്ദേശം ജനങ്ങൾക്ക് നൽകുന്നതിനാണ് സ്ഥാനാര്‍ഥിയാകുന്നതെന്നും സരിത വ്യക്തമാക്കിയിരുന്നു.