തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (13:50 IST)
സോളാര്‍ കേസില്‍ സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലുകൾ സർക്കാരിന് ഒരു ഭീഷണിയുമല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സർക്കാർ അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെന്ന് തെളിഞ്ഞാൽ പൊതുരംഗത്തുനിന്ന് മാറും. വെളിപ്പെടുത്തലിന്റെ വിശ്വാസ്യത കമ്മിഷൻ പരിഗണിക്കട്ടെ. എല്ലാം കാത്തിരുന്ന് കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സരിതയുടെ വെളിപ്പെടുത്തലിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കുന്നതിൽ വൈകാതെ തീരുമാനമെടുക്കും. സോളാര്‍ കേസില്‍ ബെന്നി ബെഹന്നാനും തമ്പാനൂർ രവിക്കുമെതിരെയുള്ളത് ആരോപണം മാത്രമാണ് നിലവിലുള്ളത്. അതിനുള്ള മറുപടി അവരിരുവരും പറഞ്ഞിട്ടുണ്ട്. സരിതയുടെ ഫോൺ രേഖകൾ ഉണ്ട്. ഐജി ഫോൺ രേഖകൾ നശിപ്പിച്ചതുകൊണ്ട് തെളിവുകൾ ഇല്ലാതായിട്ടില്ല. ഐജി ടിജെ ജോസിന് മാത്രമല്ല രേഖകൾ കിട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനെ തടയാൻ പ്രതിപക്ഷം ശ്രമിച്ചാൽ അതിന് ജനങ്ങളുടെ പിന്തുണ ഉണ്ടാവില്ല. വികസനവും കരുതലും ആയിരുന്നു സർക്കാർ ആദ്യം മുതലേ സ്വീകരിച്ച നയം. അതുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. സർക്കാരിന്റെ പ്രവർത്തനത്തെ ജനങ്ങൾ ഇരു കൈയും നീട്ടി സ്വാഗതം ചെയ്തു. ഇത് പ്രതിപക്ഷത്തെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. ആക്ഷേപങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നു എങ്കിൽ സിപിഎമ്മും പ്രതിപക്ഷവും ഭയപ്പെടുന്നത് എന്തിനാണെന്നും ഉമ്മൻചാണ്ടി ചോദിച്ചു.