എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 11 മെയ് 2023 (16:51 IST)
തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ നമ്പർ ഇനി മുതൽ കെ.എൽ.99 ൽ തുടങ്ങും. കഴിഞ്ഞ ദിവസം ചേർന്ന ഉന്നത തല യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. നിലവിൽ കെ.എസ്.ആർ.ടി.സി ക്ക് കെ.എൽ.15 അനുവദിച്ചിരിക്കുന്നതു പോലെയാണിത്. ഇതിനായി പ്രത്യേക ഓഫീസും തുറക്കും.
നിലവിലെ വാഹനങ്ങൾ സംസ്ഥാനത്തെ വിവിധ ആർ.ടി.ഓഫീസുകളിലായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ വാഹനങ്ങൾ പ്രത്യേക ബോർഡില്ലാതെ തിരിച്ചറിയാൻ കഴിയില്ല. ഇത് ഇവയുടെ ദുരുപയോഗത്തിനും കാരണമാകുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് പ്രധാനമായും പ്രത്യേക നമ്പർ നൽകുന്നത്.
പുതിയ തീരുമാനം അനുസരിച്ചു കെ.എൽ.99എ സംസ്ഥാന സർക്കാർ വകുപ്പുകൾക്കും കെ.എൽ.99ബി സംസ്ഥാനത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും കെ.എൽ.99സി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും കെ.എൽ.99ഡി പൊതുമേഖലാ സ്ഥാപനങ്ങൾക്കുമാണ് നൽകുക.