ഉഷ സ്കൂളിനു വേണ്ടി മഞ്ജു വാര്യര്‍ ചുവടു വെയ്ക്കും

കോഴിക്കോട്‍| JOYS JOY| Last Updated: വെള്ളി, 7 ഓഗസ്റ്റ് 2015 (11:52 IST)
പയ്യോളി എക്സ്പ്രസ് പി ടി ഉഷയുടെ, ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്‌സിനു വേണ്ടി മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍ ചുവടു വെയ്ക്കും. കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സില്‍ എത്തിയ മഞ്ജു വാര്യര്‍ സന്ദര്‍ശനത്തിനു ശേഷം അറിയിച്ചതാണ് ഇക്കാര്യം.

ഫേസ്‌ബുക്കിലൂടെയും മഞ്ജു വാര്യര്‍ ഇക്കാര്യം പങ്കുവെച്ചു. “ഉഷ സ്കൂളിനു വേണ്ടി നൃത്തവുമായി ഒരു വൈകുന്നേരം, അതിൽ നിന്ന് കിട്ടുന്ന തുക അവർക്കുള്ളതാണ്‌, സ്കൂളിനും നാളത്തെ പ്രതിഭകൾക്കും” മഞ്ജു പറഞ്ഞു. തന്റെ നിർദ്ദേശം സ്വീകരിച്ചതിനു പി ടി ഉഷയ്ക്ക് നന്ദി അറിയിക്കാനും താരം മറന്നില്ല.

അത്‌ലറ്റിക് ഇതിഹാസം ഉഷയെ നേരില്‍ കണ്ട ദിവസം മറക്കാനാവാത്തതാണെന്ന് കുറിച്ച മഞ്ജു ഒരു പത്ര വാർത്തയാണ് തന്നെ ഉഷ സ്കൂളിൽ എത്തിച്ചതെന്നും വ്യക്തമാക്കി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ജേതാവായ ടിന്റുവിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെന്ന് തോന്നിയെന്നും അതാണ് തന്നെ ഇവിടെ എത്തിച്ചതെന്നും ഉഷ പറഞ്ഞു.

ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ താരമായ, ടിന്റു ലൂക്കയ്ക്ക് ഒരു ചെറിയ സമ്മാനം കൂടി നല്കിയാണ് മഞ്ജു മടങ്ങിയത്. അമ്പതിനായിരം രൂപയുടെ ചെക്ക് ആയിരുന്നു സഹായം. ഉഷ സ്കൂള്‍ ചുറ്റിക്കണ്ടും കുട്ടികള്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചുമാണ് മഞ്ജു മടങ്ങിയത്.

ഉഷ സ്കൂള്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് മഞ്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

“ഇന്നലെ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം ആണ്. നമ്മുടെ അത്‌ലറ്റിക്സ് ഇതിഹാസം, നമ്മളെല്ലാം പയ്യോളി എക്സ്പ്രസ്സ്‌ എന്ന് സ്നേഹത്തോടെ വിളിക്കുന്ന പി. ടി. ഉഷയെ നേരിൽ കണ്ട ദിവസം. ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സിന്റെ പ്രവർത്തനം നേരിൽ കാണാനും, അവിടത്തെ പ്രതിഭകളെ നേരിട്ട് അഭിനന്ദിക്കാനും കിട്ടിയ അവസരം കൂടിയായി അത്.

ഒരു പത്ര വാർത്തയാണ് എന്നെ ഉഷ സ്കൂളിൽ എത്തിച്ചത്. 800 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടി ഏഷ്യൻ ചാമ്പ്യൻഷിപ്പ് ജേതാവായ ടിന്റു ലൂക്കയെ കുറിച്ചുള്ള വാർത്ത. ഇത്രയും വലിയ വിജയത്തിനു സമൂഹത്തിൽ നിന്നും, അധികാരികളിൽ നിന്നും അർഹിക്കുന്ന അംഗീകാരം കിട്ടിയില്ല എന്ന് തോന്നി, കഠിനമായ പരിശ്രമവും, പരിശീലനവും അംഗീകരിക്കാതെ പോവരുത് എന്നും തോന്നി.

അങ്ങനെയാണ് ഞാൻ ഇവിടെയെത്തിയത്, വന്നപ്പോൾ ടിന്റുവിനെ പോലെ പലരും ഇവിടെയുണ്ടെന്നു മനസ്സിലായി. അവരെ ലോകത്തിനു മുൻപിലെത്തിക്കാൻ പി. ടി. ഉഷ ചെയ്യുന്ന സേവനങ്ങളും കേട്ടറിഞ്ഞു, എനിക്കും എന്തെങ്കിലും ചെയ്യണം എന്നും തോന്നി.

ഉഷ സ്കൂളിനു വേണ്ടി നൃത്തവുമായി ഒരു വൈകുന്നേരം, അതിൽ നിന്ന് കിട്ടുന്ന തുക അവർക്കുള്ളതാണ്‌, സ്കൂളിനും നാളത്തെ പ്രതിഭകൾക്കും. എന്റെ നിർദ്ദേശം സ്വീകരിച്ചതിനു പി. ടി. ഉഷയ്ക്ക് നന്ദി”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :