കണ്ണൂർ|
aparna shaji|
Last Modified വെള്ളി, 25 മാര്‍ച്ച് 2016 (17:18 IST)
വ്യാഴാഴ്‌ച അർധരാത്രി സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വീടുകൾ തകരുകയും അഞ്ച് പേർക്ക് പരുക്ക് ഏൽക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യപ്രതി അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലാട് പന്നേൻപാറ സ്വദേശി അനൂപ് കുമാറി(43)നെയാണ്
കണ്ണൂർ പൊലീസ് പിടികൂടിയത്.
ഇന്നലെ രാത്രി 11.30യോടെയാണ് പൊടിക്കുണ്ട് രാമതെരു രാജേന്ദ്ര നഗർ കോളനിക്കു സമീപത്തെ വീട്ടിൽ വൻ സ്ഫോടനം നടന്നത്. അമ്പലത്തിൽ വെടിക്കെട്ടിനുവേണ്ടി സൂക്ഷിച്ച ഗുണ്ടുകളും കതിനകളുമാണ് പൊട്ടിത്തെറിച്ചതെന്നും അനൂപ് പൊലീസിനോട് പറഞ്ഞു. സ്ഫോടനത്തിൽ അനൂപിന്റെ മകൾക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അനധികൃതമായി ആയുധങ്ങളും സ്ഫോടന വസ്തുക്കളും കൈവശം വച്ചതിന് നേരത്തേ ഇയാൾക്കെതിരെ മൂന്ന് കേസുകൾ ഉണ്ടായിരുന്നു. വ്യാജ ഐഡന്റിറ്റിയാണ് പ്രദേശവാസികളോട് ഇയാൾ പറഞ്ഞിരുന്നതെന്നും പൊലീസ് അറിയിച്ചു. ഇന്നു രാവിലെയാണ് അനൂപ് പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.