തിരുവനന്തപുരം|
aparna shaji|
Last Modified വെള്ളി, 13 മെയ് 2016 (10:24 IST)
കലാപം രൂക്ഷമായ വിദേശരാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയ സഹോദരങ്ങളെ പരിഹസിക്കരുതെന്ന് ഉമ്മൻചാണ്ടിയോട് സി പി എം പൊളിറ്റിക് ബ്യൂറോ അംഗം പിണറായി വിജയൻ. ലിബിയയിൽ നിന്നും സ്വന്തം പ്രയത്നം കൊണ്ടാണ് തിരിച്ചെത്തിയതെന്ന് മലയാളികൾ പറഞ്ഞിട്ടും എല്ലാം ചെയ്തത് തങ്ങളാണെന്ന് അവകാശവാദം മുഴക്കുന്ന മുഖ്യമന്ത്രിയോടും സുഷമ സ്വരാജിനോടും സഹതാപമാണ് തോന്നുന്നതെന്നും പിണറായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ലിബിയയുടെ ഭീകരാന്തരീക്ഷത്തിൽ നിന്ന് സ്വപ്രയത്നം കൊണ്ട് തിരിച്ചെത്തിയ മലയാളി സഹോദരങ്ങളെ പരിഹസിക്കാതിരിക്കാനെങ്കിലും ബി ജെ പി യും ഉമ്മൻചാണ്ടിയും തയാറാകണം. തങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ചെറുവിരൽ അനക്കിയില്ലെന്ന് ലിബിയയില്‍നിന്ന് തിരികെയെത്തിയ മലയാളികള്‍ പറഞ്ഞത് കേട്ടിട്ടും തങ്ങളാണ് എല്ലാം ചെയ്തത് എന്ന് അവകാശവാദം മുഴക്കുന്ന കേന്ദ്ര മന്ത്രി സുഷമാ സ്വരാജിനോടും മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയോടും സഹതാപമേ തോന്നുന്നുള്ളൂ.
രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് ആർ എസ് എസ് മാതൃകയിൽ അവാസ്തവങ്ങൾ പറയുകയാണ് നരേന്ദ്ര മോഡി എന്നും തെളിഞ്ഞിരിക്കുന്നു. ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷപ്പെടുത്തിയെന്നാണ് നരേന്ദ്രമോഡി തൃപ്പൂണിത്തുറയിലെ പ്രസംഗത്തിൽ അവകാശപ്പെട്ടത്. സംസ്ഥാനസര്‍ക്കാര്‍ എല്ലാ നടപടിയുമെടുത്തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അവകാശപ്പെട്ടു. ജനങ്ങളെ കബളിപ്പിക്കുന്നതിൽ മോഡിയും ഉമ്മൻചാണ്ടിയും മത്സരിക്കുകയാണ്.
തിരികെയെത്താൻ സഹായിക്കാനാകില്ലെന്ന നിലപാട് എടുത്ത ലിബിയയിലെ ഇന്ത്യന്‍ എംബസി എല്ലാം നഷ്ടപ്പെട്ടു പ്രാണഭയവുമായി നില്ക്കുന്ന മലയാളികളോട് മര്യാദയായി പെരുമാറിയത് പോലുമില്ല എന്നാണു തിരിച്ചെത്തിയവർ വിശദീകരിച്ചത്. ലിബിയയില്‍നിന്ന് സ്വന്തം ചെലവില്‍ പോകാൻ അവരോടു നിർദേശിച്ച ശേഷം, കേന്ദ്രം സഹായിച്ചത് കൊണ്ടാണ് എല്ലാവരും നാട്ടിലെത്തിയത് എന്ന് മേനി നടിക്കുന്നത് വഞ്ചനയാണ്. പുറംലോകവുമായി ബന്ധമില്ലാതെ ലിബിയയില്‍ കുടുങ്ങിയ തങ്ങൾ സഹായത്തിനായി ഇന്ത്യന്‍ എംബസി അധികൃതരെ പലതവണ കന്ടിട്ടും . കേരള സര്‍ക്കാരിനെയും നോര്‍ക്കയെയും സമീപിചിട്ടും ഒരു സഹായവും കിട്ടിയില്ല എന്നാണു മടങ്ങിയെത്തിയവർ വ്യക്തമാക്കിയിട്ടുള്ളത്.
വ്യാഴാഴ്ച നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ 18 മലയാളികള്‍ അടക്കം 28 പേര്ക്കും കേന്ദ്രത്തിന്റെയോ കേരള സര്ക്കാരിന്റെയോ സഹായം കിട്ടിയിട്ടില്ല എന്ന് അവർ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക്, ജനങ്ങളോട് മാപ്പ് പറയാനുള്ള മര്യാദ മോഡിയും സുഷമാ സ്വരാജും ഉമ്മൻചാണ്ടിയും കാണിക്കണം.