രേണുക വേണു|
Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2024 (12:59 IST)
വയനാട് മുണ്ടക്കൈ ദുരന്തം സംഭവിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ധനസഹായം നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നശിക്കട്ടെ എന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
' മുണ്ടക്കൈ ദുരന്തത്തില്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ന്യായമായ ഒരു സഹായവും കേന്ദ്രത്തില്‍ നിന്നു ലഭിച്ചിട്ടില്ല. വയനാടിനു ശേഷം ദുരന്തമുണ്ടായ സംസ്ഥാനങ്ങള്‍ക്ക് ചോദിക്കാതെ തന്നെ സഹായം നല്‍കി. ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളില്‍ ഒന്നായതിനാല്‍ ന്യായമായ സഹായം ലഭിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചു. കേരളം നല്ലതുപോലെ തകരട്ടെ എന്നാണ് കേന്ദ്രത്തിന്റെ താല്‍പര്യം. കേരളം മുന്നോട്ടു പോകാന്‍ പാടില്ലെന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേത്,' മുഖ്യമന്ത്രി വിമര്‍ശിച്ചു.
' വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത, വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടാത്ത ഒരു നാടായി കേരളം പൊതുവില്‍ അംഗീകരിക്കപ്പെടുന്നു. ചില വര്‍ഗീയ ശക്തികള്‍ തങ്ങള്‍ക്ക് നല്ല സ്വാധീനമുണ്ടെന്ന് കരുതുന്ന നാടാണ് കേരളം. എന്നിട്ടും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത നാടായി കേരളം തുടരുന്നു. അതിനു കാരണം വര്‍ഗീയതയ്‌ക്കെതിരെ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്,' പിണറായി പറഞ്ഞു.