ആരുടെയും പിന്തുണയില്ലാതെ ജയിച്ചുവന്ന ഞാന്‍ ആര്‍ക്കും വോട്ട് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല; അസാധുവായത് തന്റെ വോട്ട്, യുഡിഎഫ് തകർച്ചയിലേക്കു നീങ്ങുന്നു- പിസി ജോര്‍ജ്

താന്‍ ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുന്നത് ശരിയല്ല

പിസി ജോർജ് , ബിജെപി - എൽഡിഎഫ്  , യുഡിഎഫ് , സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 3 ജൂണ്‍ 2016 (11:48 IST)
യുഡിഎഫ് തകർച്ചയിലേക്കു നീങ്ങുന്നതിന്റെ കൃത്യമായ സൂചനയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് ഫലമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോർജ്. തന്റെ വോട്ടാണ് അസാധുവായത്. ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ ജയിച്ചുവന്ന താന്‍ ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുന്നത് ശരിയല്ല. അതിനാലാണ് വോട്ട് അസാധുവാക്കിയതെന്നും ജോര്‍ജ് പറഞ്ഞു.

ആരുടെ വോട്ടാണ് ചോര്‍ന്നതെന്ന് തനിക്കറിയില്ല. തെരഞ്ഞെടുപ്പില്‍ ബിജെപി - എൽഡിഎഫ് ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞതിന്റെ വ്യക്തമായ തെളിവാണ് ബിജെപി എംഎൽഎ ഒ രാജഗോപാൽ എൽഡിഎഫിന് വോട്ട് ചെയ്‌തതിലൂടെ പുറത്തുവന്നതെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി ശ്രീരാമകൃഷ്ണനാണ് താന്‍ വോട്ട് ചെയ്തതതെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പറഞ്ഞു. തന്റെ വോട്ട് ആവശ്യമില്ലെന്ന് യുഡിഎഫ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഈ പദവിക്ക് ഏറ്റവും അനുയോജ്യനായ പി ശ്രീരാമകൃഷ്ണന് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീരാമകൃഷ്ണന്‍ വളരെ ഊര്‍ജ്ജസ്വലനും ചുറുകുറുക്കുള്ള ഒരു യുവ നേതാവാണെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വളരെ നല്ല രീതിയിലാണ് അദ്ദേഹത്തിന്റെ പല പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ നിഷ്പക്ഷമായ ഒരു സമീപനമായിരിക്കം തങ്ങള്‍ സ്വീകരിക്കുകയെന്നും ആരേയും എതിരാളികളായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത് പാര്‍ട്ടിയുടെ അറിവോടെയല്ലയെന്നും സ്വന്തം തീരുമാനപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പീക്കർ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി ശ്രീരാമകൃഷ്ണൻ 92 വോട്ടുകൾ നേടി വിജയിച്ചിരുന്നു. എന്നാൽ യുഡിഎഫ് സ്ഥാനാർഥിയായ വിപി സജീന്ദ്രന് 46 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. വിപ്പ് ലംഘിച്ച് യുഡിഎഫ് എംഎൽഎമാരിൽ ഒരാൾ എൽഡിഎഫിന് വോട്ടു ചെയ്തതാണ് സജീന്ദ്രന് വോട്ടുകുറയാൻ കാരണം. സഭയിൽ യുഡിഎഫിന് 47 അംഗങ്ങളാണുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :