തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (08:08 IST)
തദ്ദേശ വാർഡ് വിഭജനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും. പുതിയ മുനിസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും രൂപീകരണം സംബന്ധിച്ചു പരസ്പര വിരുദ്ധമായ ഹൈക്കോടതി വിധികൾ വന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരം തേടിയാണ് അപ്പീൽ നൽകുന്നത്.
ചൊവ്വാഴ്‌ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗമാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായും സെക്രട്ടറിമാരുമായും നടന്ന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താനാണു സർക്കാർ ആഗ്രഹിക്കുന്നതെന്നും അതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നിശ്ചയിച്ച സമയത്ത് തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷന് എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 15 ദിവസങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനുമായി വീണ്ടു യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വില്ലേജുകൾ വിഭജിച്ച് ഒന്നിലേറെ പഞ്ചായത്തുകളിലാക്കി പുതിയ പഞ്ചായത്തുകൾ രൂപവത്കരിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് അപ്പീൽ നൽകുക. 40ലധികം ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് എവി രാമകൃഷ്ണപിള്ള കഴിഞ്ഞദിവസം സുപ്രധാന വിധി പ്രസ്താവിച്ചത്. വില്ലേജുകൾ ഇങ്ങനെ വിഭജിക്കുന്നതിന് ഭരണഘടനാപരമായ വിലക്കുള്ളതിനാലാണ് കോടതി വിധി.