കൊച്ചി|
Last Updated:
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (19:37 IST)
പാലാരിവട്ടം മേൽപാലം ക്രമക്കേടിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്നു കേസില്‍ അറസ്‌റ്റിലായ മുന്‍ പൊതുമരാമത്തു സെക്രട്ടറി ടിഒ സൂരജ്.
ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി കരാറുകാരനു മുന്‍കൂറായി പണം നല്‍കാന്‍ നിര്‍ദേശിച്ചത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണെന്നു ഇബ്രാഹിം കുഞ്ഞാണ്. വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് അദ്ദേഹമായിരുന്നു. ഇതിനായി കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും നിര്‍ദേശം ലഭിച്ചു. എന്നും ജാമ്യാപേക്ഷയ്‌ക്ക് ഒപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സൂരജ് പറഞ്ഞു.
കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർഡിഎസ് കമ്പനിക്ക് നൽകിയെന്നത് ശരിയാണ്. എന്നാൽ ആ തീരുമാനം തന്‍റേതായിരുന്നില്ല. മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും സൂരജ് വ്യക്തമാക്കുന്നു.
പലിശ കുറച്ച് കരാറുകാരന് മുൻകൂർ പണം നൽകിയതിനായിരുന്നു തന്‍റെ അറസ്റ്റ്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തത് താനല്ലെന്നും അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണെന്നുമാണ് കേസിലെ സൂരജിന്‍റെ നിലപാട്.
കേസിലെ മുഖ്യപ്രതിതന്നെ ഇക്കാര്യം വെളിപ്പെടുത്തിയതോടെ അന്വേഷണം ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിച്ചായി. കേസിൽ സൂരജ് ഉൾപ്പെടെ 4 പേരെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. പാലം നിർമിച്ച ആർഡിഎസ് പ്രോജക്‌ട്സിന്റെ എംഡി സുമിത് ഗോയൽ, കിറ്റ്കോ മാനേജിങ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മുൻ ജനറൽ മാനേജർ ബെന്നി പോൾ, കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മുൻ അഡീഷനൽ മാനേജർ എം.ടി.തങ്കച്ചൻ എന്നിവരാണ് റിമാൻഡിലായ മറ്റു പ്രതികൾ.