നെന്മാറ മണ്ഡലത്തിലെ ഇടതു കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എ വി ഗോപിനാഥ്

ഇടതു വശം ചേര്‍ന്നു നില്‍ക്കുന്ന പാലക്കാട് നെന്മാറയിലെ ഇടതു കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ എ വി ഗോപിനാഥിനെ രംഗത്തിറക്കിയിരിക്കുകയാണ് യു ഡി എഫ് നേതൃത്വം

പാലക്കാട്, നെന്മാറ, യു ഡി എഫ്, സി പി എം palakkad, nenmara, UDF, CPM
പാലക്കാട്| സജിത്ത്| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (10:28 IST)
ഇടതു വശം ചേര്‍ന്നു നില്‍ക്കുന്ന പാലക്കാട് നെന്മാറയിലെ ഇടതു കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ എ വി ഗോപിനാഥിനെ രംഗത്തിറക്കിയിരിക്കുകയാണ് യു ഡി എഫ് നേതൃത്വം. എന്നാല്‍ മണ്ഡലം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ ഡി എഫ്.
പുതുമുഖമായ കെ ബാബുവാണ് സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥി.

കൊല്ലങ്കോട് നിയമസഭാ മണ്ഡലമാണ് രൂപമാറ്റം വരുത്തി 2011 ല്‍ നെന്മാറയായത്. ഇടതു സ്വാധീനമുള്ള ഈ മണ്ഡലം പിടിക്കാന്‍ കഴിഞ്ഞ വട്ടം സി എം പിയുടെ എം വി രാഘവനാണ് എത്തിയത്. എന്നാല്‍ രാഷ്ട്രീയ ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പില്‍ എം വി ആര്‍ എട്ടായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി നാല് വോട്ടിനായിരുന്നു തോല്‍‌വി ഏറ്റുവാങ്ങിയത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഈഴവവോട്ടുകളുള്ള മണ്ഡലങ്ങളിലൊന്നാണ് നെന്മാറ. സമുദായ വോട്ടുകള്‍ എങ്ങോട്ടു തിരിയുമെന്നതിനെ അനുസരിച്ചായിരിക്കും നെന്മാറയിലെ ഇടതു സാധ്യതകള്‍. ലോകസഭാ തെര‍ഞ്ഞെടുപ്പില്‍ അയ്യാരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ ഡി എഫിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പന്ത്രണ്ടായിരത്തോളം വോട്ടിന് ഇടതുപക്ഷം മുന്നിലെത്തുകയും ചെയ്തു. വികസനനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി സി പി എമ്മിന്റെ കെ ബാബു പ്രചരണത്തില്‍ സജീവമാണ്.

സീറ്റു വേണമെന്ന് ജെ ഡി യു ജില്ലാ ഘടകം നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഈ സീറ്റില്‍ നിന്നും ഡി സി സി പിന്മാറിയില്ല. മണ്ഡലം ഏറ്റെടുത്ത കോണ്‍ഗ്രസ് മുന്‍ എം എല്‍ എയായ എ വി ഗോപിനാഥിനെ രംഗത്തിറക്കി. മുന്‍ ഡി സി സി പ്രസിഡന്റ്, രണ്ട് ദശാബ്ദത്തോളം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലയിലും സുപരിചിതനാണ് ഗോപിനാഥ്.

നെന്മാറ സീറ്റ് ബി ഡി ജെ സ് ആവശ്യപ്പെട്ടിരുന്നെങ്കിലും ബി ജെ പിയാണ് ഇവിടെ മത്സരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഈ മണ്ഡലത്തില്‍ വലിയ തോതിലായിരുന്നു വോട്ടു കൂടിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :