തിരുവനന്തപുരം|
VISHNU N L|
Last Updated:
ബുധന്‍, 15 ജൂലൈ 2015 (13:14 IST)
വീട്ടിലിരുന്നു പോലും സംസാരിക്കാന്‍ പാടില്ലെന്ന് ഇപ്പോള്‍ മനസിലായതായി പിസി ജോര്‍ജ് എംഎല്‍എ. നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ താക്കീത് നല്‍കി എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2013ല്‍ ഗൌരിയമ്മയെ അസഭ്യമായ വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചു എന്ന വിഷയത്തിലാണ് പിസി ജോര്‍ജിനെ സമിതി താക്കീത് ചെയ്തത്. സമിതിയുടെ നടപടി ആദരവോടെ സ്വീകരിക്കൂന്നതായി ജോര്‍ജ് പറഞ്ഞു.
വീട്ടിലിരുന്നു എന്റെ മുറിയിലിരുന്ന് പറഞ്ഞ കാര്യത്തിന്
നിയമസഭ എത്തിക്സ് കമ്മിറ്റിക്ക് എന്താണ് കാര്യമെന്ന് ചോദിക്കുന്നില്ല. നിയമസഭ സമിതികള്‍ക്ക് കൂടുതല്‍ കരുത്തുപകരണമെന്ന് ആഗ്രഹിക്കുന്ന ആളായതിനാലാണ് ചോദിക്കാത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം ശെല്‍വരാജ് എംഎല്‍എ നടത്തിയ നിയമസഭയില്‍ നടത്തിയ പ്രസ്താവനയും, പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളും പരിഗണിക്കാതെ എനിക്കെതിരെ നടത്തിയ നടപടി മൂലം ആരാണ് അപഹാസ്യരാകുന്നതെന്ന് ജനം വിലയിരുത്തട്ടെ. എത്തിക്സ് കമ്മിറ്റിയില്‍ രണ്ട് കേരളാ കോണ്‍ഗ്രസ് എം എംഎല്‍എമാര്‍ ഉണ്ട്. എന്നെ പുറത്താക്കാന്‍ മാണി നടത്തുന്ന ഗൂഡാലോചനയാണിത്.
എനിക്കെതിരെ മാണി രണ്ടുവര്‍ഷം മുമ്പേ നീക്കം നടത്തിയിരുന്നു എന്ന് ഇപ്പോള്‍ പുറത്തായി. എന്നെ പുറത്താക്കാനാണ് മാണി നടക്കുന്നത്. എന്നാല്‍ മാണി എന്നെ ഒരു കുന്തവും ചെയ്യില്ല. 48 വര്‍ഷം എംഎല്‍എ ആയിരുന്ന മാണിയെ ഞാന്‍ ജനപ്രാതിധ്യ നിയമം പഠിപ്പിക്കാം. എന്നെ അങ്ങനെ പുറത്താക്കാന്‍ കഴിയില്ല. നിയമസഭയ്ക്ക് പുറത്തു നടക്കുന്ന കാര്യങ്ങളില്‍ നിയമസഭയ്ക്ക് അകത്ത് നടപടി എടുക്കാന്‍ സാധിക്കില്ല എന്ന് ജോര്‍ജ് നിലപാട് വ്യക്തമാക്കി.
അതേസമയം താക്കീത് നേരിട്ടതിനാല്‍ ഭാഷാ പ്രയോഗത്തില്‍ മാറ്റം വരുത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതേപോലെ തന്നെ മുന്നോട്ട് പോകുമെന്നാണ് ജോര്‍ജ് പറഞ്ഞത്. ഇതുപോലെ തന്നെ വാക്കുകള്‍ പ്രയോഗിക്കും. പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കേണ്ട ഗതികേട് എനിക്കുണ്ടായിട്ടില്ല. 1967മുതല്‍ മാണി ബജറ്റ് വില്‍ക്കാന്‍ തുടങ്ങിയതാണ്. ഇക്കാര്യം ആര്‍ക്കാണറിയാത്തതെന്നും അദ്ദേഹം ചോദിച്ചു.
മാണി എന്നെ പുറത്താക്കില്ല. കാരണം ഇക്കാര്യങ്ങളൊക്കെ എനിക്കറിയാം. രാജ്യത്ത് നിഷ്പക്ഷരായവര്‍ എന്നെ സ്വീകരിക്കും. അവരുടെ കരുത്തില്‍ ഞാന്‍ മുന്നോട്ട് പോകും. അരുവിക്കര തെരഞ്ഞെടുപ്പിനേക്കുറിച്ച് ചോദിച്ചപ്പോള്‍ ജാതി സംഘടനകളുടെ രാഷ്ട്രീയം രാജ്യത്തിന് ഗുണകരമല്ല എന്നും അത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താനിപ്പോളും യുഡിഎഫില്‍ തന്നെയണെന്നും പുറത്ത് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.