ഇടുക്കി|
Last Modified ഞായര്‍, 14 സെപ്‌റ്റംബര്‍ 2014 (12:43 IST)
സംസ്‌ഥാനത്ത് അടച്ചു പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇത് വ്യക്‌തിപരമായ അഭിപ്രായമല്ല കേരളാ കോണ്‍ഗ്രസിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയ്‌ക്കും പി.ജെ ജോസഫിനും വിഷയത്തില്‍ ഇതേ നിലപാടു തന്നെയാണ് ഉള്ളത്. അവര്‍ യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം വ്യക്‌തമാക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
കോടതി സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്നും ഇത്തരം ഇടപെടലുകള്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള ബഹുമാനം നഷ്‌ടപ്പെടുത്തുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
സമ്പൂര്‍ണ മദ്യനിരോധനത്തെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണമായും അനുകൂലിക്കുന്നു. എന്നാല്‍, ഘട്ടം ഘട്ടമായാണ് നിരോധനം ഏര്‍പ്പെടുത്തേണ്ടതെന്നും പിസി ജോര്‍ജ് പറഞ്ഞു. ജനങ്ങളുടെ മദ്യാസക്‌തി കുറയ്‌ക്കുകയാണ് വേണ്ടതെന്നും ഇതിനായി ബിയര്‍ വൈന്‍ പാര്‍ലറുകള്‍ സഹായകമാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അടച്ചു പൂട്ടിയ ബാറുകളിലെ ജോലിക്കാര്‍ക്ക് തുടര്‍ന്ന് ജീവിക്കണമെങ്കില്‍ തൊഴില്‍ വേണമെന്നും ഇതിനും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പിസി ജോര്‍ജിന്റെ നിലപാടുകളെ തള്ളി ടിഎന്‍ പ്രതാപന്‍ എംഎല്‍എ രംഗത്തെത്തി. സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കാനായി സംസ്‌ഥാനത്ത് പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിച്ചാല്‍ കടയ്‌ക്കല്‍ കത്തിവെക്കുന്നതിന് തുല്യമാണെന്നും ടിഎന്‍ പ്രതാപന്‍ പ്രതികരിച്ചു.