അനിശ്ചിതത്വം തുടരുന്നു; ബാബുവിനെയും അടൂര്‍ പ്രകാശിനെയും മാറ്റി‌നിര്‍ത്താനാവില്ല- നിലപാടിലുറച്ച് ഉമ്മന്‍ചാണ്ടി

ആരോപണ വിധേയർക്ക് സീറ്റില്ല എന്നതാണ് പാർട്ടി തീരുമാനമെങ്കിൽ താനും മാറിനിൽക്കാം- മുഖ്യമന്ത്രി

മുഖ്യമന്ത്രി ഉമ്മൻചാണ്ടി , കോൺഗ്രസ് , വിഎം സുധീരന്‍ , അടൂർ പ്രകാശ്
ന്യൂ‍ഡൽഹി| jibin| Last Updated: ശനി, 2 ഏപ്രില്‍ 2016 (10:46 IST)
സ്വന്തം നിലപാടിൽ നിന്ന് പിന്നോക്കം പോകാതെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉറച്ചുനിന്നതോടെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക സംബന്ധിച്ച ഉടലെടുത്ത അനിശ്ചിതത്വം അവസാനമില്ലാതെ തുടരുന്നു. ആരോപണ വിധേയർക്ക് സീറ്റില്ല എന്നതാണ് പാർട്ടി തീരുമാനമെങ്കിൽ താനും മാറിനിൽക്കാം. അങ്ങനെയാണെങ്കില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്തിറങ്ങട്ടെയെന്നും മുഖ്യമന്ത്രി ഹൈക്കമാൻഡിനെ അറിയിച്ചു.

ആരോപണവിധേയരും മന്ത്രിമാരായ അടൂർ പ്രകാശിനേയും കെ.ബാബുവിനേയും മാറ്റി നിറുത്തണമെന്ന സുധീരന്റെ ആവശ്യത്തോട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. മന്ത്രിമാരെ മാത്രമായി മാറ്റാനാവില്ലെന്ന് നിലപാടെടുത്ത ഉമ്മൻചാണ്ടി മന്ത്രിമാർ മാറിയാൽ താനും മാറി നിൽക്കാമെന്നും പറഞ്ഞു.

കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയിലും മുഖ്യമന്ത്രിയും സുധീരനും സ്വന്തം നിലപാടുകളിൽ നിന്നു തരിമ്പും പിന്നാക്കം പോയില്ലെന്നാണു സൂചന. അതിനിടെ, എഴുപതോളം സീറ്റുകളിൽ ഏകദേശ ധാരണയായെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

ഇരിക്കൂർ, തൃക്കാക്കര, തൃപ്പൂണിത്തുറ, കോന്നി സീറ്റുകളുടെ കാര്യത്തിലാണ് ഉമ്മൻചാണ്ടിയും വിഎം സുധീരനും തമ്മിൽ തർക്കം. ഇരിക്കൂറിൽ കെസി ജോസഫിനു പകരം സതീശൻ പാച്ചേനിയെയും തൃപ്പൂണിത്തുറയിൽ കെ ബാബുവിന് പകരം എൻ വേണുഗോപാലിനെയും തൃക്കാക്കരയിൽ ബെന്നി ബഹനാനു പകരം പിടി തോമസിനെയും കോന്നിയിൽ അടൂർ പ്രകാശിനെ മാറ്റി പി മോഹൻരാജിനെയും സ്ഥാനാർത്ഥിയാക്കണമെന്നാണ് സുധീരന്റെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :