തിരുവനന്തപുരം|
jibin|
Last Modified ശനി, 21 മെയ് 2016 (18:30 IST)
ഫാസിസ്റ്റ് ഭരണാധികാരിയാകാനാണ് പിണറായിയുടെ ശ്രമമെങ്കില്‍ എന്‍ഡിഎ അതിനെ ശക്തമായി നേരിടുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയതിന് പിന്നാലെ മുതിര്‍ന്ന ബിജെപി നേതാവ്
ഒ രാജഗോപാൽ എകെജി സെന്ററിലെത്തി പിണറായി വിജയനെ കണ്ടു.
അപ്രതീക്ഷിതമായിട്ടാണ് ഒ രാജഗോപാൽ എകെജി സെന്ററിലെത്തിയത്. പിണറായി വിജയന് വിജയാശംസകള്‍ നേരുകയും ഇരുവരും സംസാരിക്കുകയും ചെയ്‌തു. നിയുക്തമുഖ്യമന്ത്രിയെ കാണാൻ എത്തിയതാണെന്ന് രാജഗോപാൽ പറഞ്ഞു. നാട്ടിൽ സമാധാനത്തിനായി ഐക്യത്തോടെ പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു.
അതേസമയം, പിണറായിയെ കുറ്റപ്പെടുത്തുന്ന പ്രസ്‌താവനയുമായി കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വ്യാപകതോതില്‍ അക്രമണം അഴിച്ചു വിടുകയാണ്. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്‍ ഡി എയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് തരംതാഴ്ത്താന്‍ ശ്രമിച്ചവര്‍ അക്കാര്യത്തില്‍ വിജയിച്ചില്ലെന്നും 20 ലക്ഷത്തിലധികം വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് എന്‍ഡിഎയുടെ വിജയമാണെന്നും കുമ്മനം പറഞ്ഞു.
അതിനൊപ്പം, സിപിഎമ്മിന് നേരെ ഭീഷണി സ്വരവുമായി കേന്ദ്രവിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത് എത്തി. കേരളം സിപിഎമ്മാണ് ഭരിക്കുന്നതെങ്കില്‍ ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണെന്ന ഓർമ വേണം. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരായുള്ള അക്രമങ്ങള്‍ ഗൗരവമായി കാണും. ബിജെപി പ്രവര്‍ത്തകര്‍ക്കും കേരളത്തില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അക്രമങ്ങളോട് യാതൊരു വിധ മൃദു സമീപനവും കേന്ദ്രം സ്വീകരിക്കില്ല. സംഘപരിവാറിനെതിരായ അക്രമങ്ങളെ പാർലമെന്റിലും പുറത്തും നേരിടുക തന്നെ ചെയ്യും. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. ഇതിനാല്‍
സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കേരളത്തിൽ സിപിഎം അക്രമം അഴിച്ചുവിടുകയാണ്. ഇത് ഒരിക്കലും
അംഗീകരിക്കാനാവില്ല. അക്രമങ്ങളോട് തങ്ങള്‍ യാതൊരു അനുകമ്പയും കാണിക്കില്ലെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.