പൂഞ്ഞാറില്‍ ജോര്‍ജ് ആഘോഷം തുടങ്ങി; നായകനെന്ന പരിവേഷവും അതിലുപരി വിവാദങ്ങള്‍ സമ്മാനിച്ച ഹീറോയിസവും സ്‌ത്രീകളുടെ മനം കവര്‍ന്നപ്പോള്‍ വോട്ടായി, വിളിപ്പുറത്തുള്ള പിസിക്കായി യുവാക്കളും പ്രവര്‍ത്തിച്ചു

തങ്ങളുടെ വോട്ടുകള്‍ ജോര്‍ജിന് വീണുവെന്ന് ഇരു ഗ്രൂപ്പുകളും രഹസ്യമായി തന്നെ വ്യക്തമാക്കുന്നുണ്ട്

  നിയമസഭ തെരഞ്ഞെടുപ്പ് , പി സി ജോര്‍ജ് , പൂഞ്ഞാര്‍ മണ്ഡലം
പുഞ്ഞാര്‍/പാലാ| jibin| Last Modified ചൊവ്വ, 17 മെയ് 2016 (15:19 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എക്‍സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ ജയപ്രതീക്ഷ വാനോളം ഉയര്‍ന്ന പുഞ്ഞാറിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പിസി ജോര്‍ജും സംഘവും ആഘോഷം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ജയം ഉറപ്പാണെങ്കിലും പൂര്‍ണമായ ഫലം പുറത്തുവരട്ടെ എന്ന ജോര്‍ജിന്റെ നിലപാടാണ്
സന്തോഷപ്രകടനങ്ങള്‍ക്ക് തടയിട്ടിരിക്കുന്നത്. ഇതോടെ പൂഞ്ഞാറിലെ പോരാട്ടം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തെ പൊളിച്ചെഴുതുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്.


ഇടതു വലതു മുന്നണികളുടെയും നിഷ്‌പക്ഷ വോട്ടുകളും പെട്ടിയില്‍ വീണതോടെയാണ് ജോര്‍ജിന്റെ വിജയം എല്ലാവരും പ്രതീക്ഷിക്കുന്നത്. തങ്ങളുടെ വോട്ടുകള്‍ ജോര്‍ജിന് വീണുവെന്ന് ഇരു ഗ്രൂപ്പുകളും രഹസ്യമായി തന്നെ വ്യക്തമാക്കുന്നുണ്ട്. കൂടാതെ എസ് ഡി പി ഐയുടെയും മുസ്‌ലിം വിഭാഗത്തിന്റെയും പിന്തുണ ജോര്‍ജിന് വോട്ടായി തീര്‍ന്നു. പിന്നാലെ ആദിവാസി ദളിത് സംഘടനകളും പൂഞ്ഞാറിന്റെ മുത്തിന് വോട്ട് മറിച്ചതോടെ മൂന്ന് മുന്നണികളും തരിപ്പണമാകുമെന്നാണ് പുറത്തുവരുന്ന
റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പൂഞ്ഞാറിന്റെ നായകനെന്ന പരിവേഷവും അതിലുപരി വിവാദങ്ങള്‍ സമ്മാനിച്ച ഹീറോയിസവും ജോര്‍ജിനെ സഹായിച്ചു. മിക്കയിടത്തും സ്‌ത്രീകളും ചെറുപ്പക്കാരും ജോര്‍ജിനെ അകമഴിഞ്ഞു സഹായിച്ചു. സാധാരണക്കാരനെന്ന ലേബലിനൊപ്പം
എന്തിനും ഏതിനും സഹായിക്കുകയും വിളിച്ചാല്‍ ഓടിയെത്തുന്ന രീതിയും പിസിക്ക് സഹായകമായി. കൂടാതെ മണ്ഡലത്തില്‍ അദ്ദേഹം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും നേട്ടമായി തീര്‍ന്നു. യുവാക്കളുടെ ചെറുതും വലുതുമായ ആവശ്യങ്ങളില്‍ ഇടപെട്ട് സഹായിക്കുന്നതും അദ്ദേഹത്തിന് നേട്ടമായിട്ടുണ്ട്.

അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന ജോര്‍ജിനെ ഇടത് വലത് മുന്നണികള്‍ ഉപേക്ഷിച്ചതും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹത്തെ അപമാനിച്ചതും നേട്ടമായി. ഈ സാഹചര്യത്തില്‍ അഴിമതിക്കെതിരെ ശബ്ദിക്കുന്ന നേതാവ് എന്ന പേരും അതിനൊപ്പം സ്‌ത്രീകളുടെയും പിന്തുണ ലഭിച്ചു. അപ്രതീക്ഷിതമായി ലഭിച്ച സഹതാപ തരംഗവും മുതലെടുക്കാന്‍ പിസിക്കായി. കൂടാതെ ക്രിസ്‌ത്യന്‍ വിഭാഗത്തിന്റെ വോട്ടും പിസിക്ക് അല്‍ഭിച്ചുവെന്നാണ് പ്രാഥമിക വിവരം.

അതേസമയം, പാലായില്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെഎം മാണിയുടെ നില പരുങ്ങലില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. എക്‍സിറ്റ് പോള്‍ ഫലങ്ങള്‍ തിരിച്ചടി പകരുമെന്ന് പറയുന്നുണ്ടെങ്കിലും ജയം സുനിശ്ചിതമാണെന്നാണ് മാണി കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇടത് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ കൂടുതല്‍ വോട്ടുകള്‍ പിടിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബാര്‍ കോഴയില്‍ പെട്ട് മാണിക്ക് രാജിവെക്കേണ്ടിവന്നതും സര്‍ക്കാര്‍ അഴിമതിയില്‍ നിറഞ്ഞു നിന്നതും കാപ്പന് തുണയായി എന്നാണ് വിലയിരുത്തല്‍. മണ്ഡലത്തിലെ സ്‌ത്രീ വോട്ടുകളും നിഷ്‌പക്ഷ വോട്ടുകളും ലഭിച്ചില്ലെന്നാണ് കേരളാ കോണ്‍ഗ്രസും വിശ്വസിക്കുന്നത്.
  നിയമസഭ തെരഞ്ഞെടുപ്പ് , പി സി ജോര്‍ജ് , പൂഞ്ഞാര്‍ മണ്ഡലം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :