ന്യൂഡൽഹി|
aparna shaji|
Last Updated:
വ്യാഴം, 18 ഓഗസ്റ്റ് 2016 (10:12 IST)
മലയാളിയായ ഫാദ. ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയിട്ട് അഞ്ചു മാസമായിരിക്കുകയാണ്. ഈ കാലമത്രയും മലയാളികൾ അടക്കമുള്ള ഇന്ത്യൻ ജനതയും വിശ്വാസികളും അദ്ദേഹത്തിനായുള്ള പ്രാർത്ഥന മുടക്കാറില്ല. ഇന്നു തിരികെ കിട്ടും നാളെ മോചിപ്പിക്കും എന്ന പ്രത്യാശയായിരുന്നു ഓരോരുത്തരുടെയും പ്രാർത്ഥനയുടെ കാരണം. ഇന്നു ഫാദ. ഉഴുന്നാലിന്റെ ജന്മദിനമാണ്. ഈ ഒരു ദിവസം കൂടി കടന്നുപോകുമ്പോൾ പ്രാർത്ഥനകളും പ്രതീക്ഷകളും മാത്രമാണ് മുന്നിലുള്ളത്.
ഉടൻ തന്നെ ഫാദറിനെ മോചിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അതിനുള്ള ശ്രമങ്ങൾ ചെയ്യുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാർച്ച് പതിനാലിനാണ് ഫാദ. ഉഴുന്നാലിനെ യമനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടു പോയത്. ഫാദറിനെ തട്ടിക്കൊണ്ടുപോയവർ ഏറ്റുപറച്ചിൽ നടത്തി രംഗത്തെത്തിയെന്നായിരുന്നു അവസാനമായി കേട്ട വാർത്ത. ഉടൻ തന്നെ അദ്ദേഹത്തെ മോചിപ്പിക്കുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും ആ ശുഭവാർത്ത മാത്രം കേൾക്കാനായില്ല.
ഫാദറിനെ യമനിൽ നിന്നും മറ്റേതോ രാജ്യത്തേക്ക് മാറ്റിയതായും വാർത്തകൾ വരുന്നുണ്ട്. എന്നാൽ എവിടേക്കാണെന്നോ എന്തിനാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഭീകരരുടെ ഉദ്ദേശ്യം എന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല.