ന്യൂഡൽഹി|
സജിത്ത്|
Last Modified വ്യാഴം, 24 മാര്‍ച്ച് 2016 (10:05 IST)
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ സ്ഥാനാർഥിത്വ വിഷയവുമായി ബന്ധപ്പെട്ട് ബി ജെ പിയുടെ കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ ആശയക്കുഴപ്പം.
തൃപ്പൂണിത്തുറ മണ്ഡലം ശ്രീശാന്തിനു നൽകാമെന്നുള്ള കേന്ദ്ര നേതൃത്വത്തിന്റെ ശുപാർശയാണു ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്.
ബി ജെ പിയുടെ സംസ്ഥാന നേതൃത്വം സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് സാഹിത്യകാരനും പണ്ഡിതനുമായ പ്രഫ തുറവൂർ വിശ്വംഭരൻ തൃപ്പൂണിത്തുറ മണ്ഡലത്തിൽ മൽസരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. കൂടാതെ,
തുറവൂർ വിശ്വംഭരനു വേണ്ടിയുള്ള പ്രവർത്തനങ്ങളും മണ്ഡലത്തിൽ ആരംഭിക്കുകയും ചെയ്തിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് ആകെ ധര്‍മ്മ സങ്കടത്തിലാണ് ബി ജെ പിയുടെ സംസ്ഥാന നേതൃത്വം. ഏറെ സമ്മർദ്ദം ചെലുത്തി സ്ഥാനാർഥിത്വത്തിനു സമ്മതിപ്പിച്ച തുറവൂർ വിശ്വംഭരനോടു പിന്മാറാൻ എങ്ങിനെ ആവശ്യപ്പെടുമെന്ന കാര്യത്തില്‍ തീരുമാനമാകാത്ത അവസ്ഥയിലാണ് ഇപ്പോള്‍ നേതൃത്വം. എറണാകുളം മണ്ഡലത്തിൽ ബി ജെ പി പ്രഖ്യാപിച്ച സ്ഥാനാർഥിയായ എൻ കെ മോഹൻദാസിനെ മാറ്റി ശ്രീശാന്തിനെ മൽസരിപ്പിക്കാന്‍ കഴിയുമോയെന്നാണ് ഇപ്പോള്‍ നേതൃത്വം ആലോചിക്കുന്നത്.
ക്ഷേത്ര സംരക്ഷണ സമിതി മഹിളാ വിഭാഗം നേതാവ് പ്രഫ രമ, രാഹുൽ ഈശ്വർ തുടങ്ങിയവരേയും സ്ഥാനാർഥിത്വത്തിനായി പരിഗണിക്കുന്നുണ്ട്.