പത്മിനിക്ക് ദീപശിഖ തെളിക്കാന്‍ ആഗ്രഹം, മുളയിലേനുള്ളി അധികൃതര്‍

ദേശീയ ഗെയിംസ്, ഉദ്ഘാടനം, സച്ചിന്‍
തിരുവനന്തപുരം| vishnu| Last Modified ശനി, 31 ജനുവരി 2015 (15:11 IST)
വിവാദങ്ങള്‍ ഒഴുയാതെ പിന്തുടരുന്ന മുപ്പത്തി അഞ്ചാമത് ദേശീയ ഗെയിംസില്‍ പുതിയ പ്രശ്നങ്ങള്‍ തലപൊക്കുന്നതായി വാര്‍ത്തകള്‍. ഗെയിംസ് ഉദ്ഘാടന ചടങ്ങ് നടക്കുന്ന കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍‌ഡ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനസമയത്ത് ദീപശിഖ തെളിക്കുന്ന
സംഘത്തില്‍ തന്നെകൂടി ഉള്‍പ്പെടുത്തണമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ഗെയിംസ് സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ പത്മിനി തോമസിന്റെ കടും‌പിടുത്തമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

ഇന്നലെ ദീപശിഖയ്ക്ക് തലസ്ഥാനത്ത് വരവേല്പ് നല്‍കിയപ്പോഴും പത്മിനി തോമസ് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു എന്നാണ് സൂചന. ദീപശിഖ സ്വീകരിക്കുന്നത് മേയര്‍ കെ ചന്ദ്രിക ആയിരിക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍, ആ സമയമായപ്പോള്‍ ദീപശിഖ ഏറ്റുവാങ്ങാന്‍ പത്മിനി തോമസ് മുന്നോട്ട് വന്നത് അപസ്വരങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ കായിക മന്ത്രി ഇടപെട്ട് അത് തടഞ്ഞ് മേയറെകൊണ്ട് ദീപശിഖ ഏറ്റുവാങ്ങിക്കുകയായിരുന്നു.

ഇതിനുപിന്നാലെയാണ് ഉദ്ഘാടനത്തിന് വേദിയില്‍ ദീപം തെളിയിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്മിനി തോമസ് രംഗത്ത് എത്തിയത്. എന്നാല്‍, ഇക്കാര്യത്തില്‍കൂടി പത്മിനി തോമസിനെ ഉള്‍പ്പെടുത്താന്‍ തയാറല്ലെന്നാണ് ഗേയിംസിന്റെ സംഘാടക സമിതി എടുത്തിരിക്കുന്ന നിലപാ‍ട്. അങ്ങനെയെങ്കില്‍ സ്റ്റേഡിയത്തില്‍
ദീപശിഖ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് കൈമാറാന്‍ അനുവദിക്കണമെന്ന ആവശ്യം പത്മിനി തോമസ് മുന്നോട്ടുവച്ചുവത്രേ. എന്നാല്‍, അതും അനുവദിച്ചില്ലെന്നാണ് അറിയുന്നത്.

ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകിട്ട് സ്റ്റേഡിയത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എറ്റുവാങ്ങുന്ന ദീപശിഖ പി.ടി. ഉഷയ്ക്കും അഞ്ജുബോബി ജോര്‍ജിനും കൈമാറും. അവരാണ് ദീപശിഖ കൂറ്റന്‍ ആട്ടവിളക്കില്‍ തെളിക്കുന്നത്. ഈ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പത്മിനിയുടെ ആവശ്യം. എന്നാല്‍ ഇത് അനുചിതമാണെന്ന നിലപാടിലാണ് സംഘാടക സമിതി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എന്ന നിലയില്‍ എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കേണ്ട മുന്‍ കായികതാരം കൂടിയായ പത്മിനി തോമസ് ഇത്തരത്തില്‍ വാശിപിടിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :