ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 9 ജൂലൈ 2015 (14:37 IST)
ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ അപ്പീലില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനും സിബി മാത്യൂസിനും നോട്ടീസ് അയച്ചു. ഐ എസ് ആര്‍ ഒ ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി ജി പി സിബി മാത്യൂസ്, റിട്ട. എസ് പിമാരായ കെ കെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി വേണ്ടെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തായിരുന്നു നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഇത്തരം കേസുകളില്‍ നടപടി എടുക്കാതിരുന്നാല്‍ ആരെയും കസ്റ്റഡിയില്‍ എടുക്കാമെന്ന അവസ്ഥ ഉണ്ടാകുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പന്ത് എന്നിവരടങ്ങുന്ന ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഐ എസ് ആര്‍ ഒ ചാരക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായിരുന്നു സി ബി മാത്യൂസ്, കെ കെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍.
തന്റെ നിയമവിരുദ്ധമായ അറസ്റ്റിന് ഇവര്‍ ഉത്തരവാദികളാണെന്ന് സി ബി ഐ കണ്ടെത്തിയെങ്കിലും ഇവര്‍ക്കെതിരെ നടപടി വേണ്ടെന്ന് വിധിച്ച കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, സംഭവത്തിന്റെ അടിയൊഴുക്കുകള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ചായിരുന്നു നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്.