കൊച്ചുകടവന്ത്രയിലെ കായല്‍ കയ്യേറ്റം: നടന്‍ ജയസൂര്യക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് കോടതി

കൊച്ചുകടവന്ത്രയില്‍ കായല്‍ കൈയ്യേറി വീട് നിര്‍മ്മിച്ച കേസില്‍ നടന്‍ ജയസൂര്യക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വ്യക്തമാക്കി.

മൂവാറ്റുപുഴ, കൊച്ചുകടവന്ത്ര, സിനിമ, കോര്‍പ്പറേഷന്‍, കയ്യേറ്റം muvattupuzha,kochu kadavanthara, cinema, cooperation, assault
മൂവാറ്റുപുഴ| Sajith| Last Updated: വ്യാഴം, 25 ഫെബ്രുവരി 2016 (12:36 IST)
കൊച്ചുകടവന്ത്രയില്‍ കായല്‍ കൈയ്യേറി വീട് നിര്‍മ്മിച്ച കേസില്‍ നടന്‍ ജയസൂര്യക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി വ്യക്തമാക്കി. ഈ കേസില്‍ അഞ്ചാം പ്രതിണ് ജയസൂര്യ.
അദ്ദേഹത്തിനെതിരെ എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിക്കാന്‍ എറണാകുളം വിജിലന്‍സ് ഡി വൈ എസ് പിയോട് കോടതി ഉത്തരവിട്ടു.

എറണാകുളത്ത് കൊച്ചുകടവന്ത്രയിലെ ചിലവന്നൂര്‍ക്കായലില്‍ ചലച്ചിത്ര നടന്‍ ജയസൂര്യ 3.7 സെന്റ് സ്ഥലം കൈയേറിയതായി കണയന്നൂര്‍ താലൂക്ക് സര്‍വേയര്‍ കണ്ടെത്തിയിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി തൃശ്ശൂര്‍ വിജിലന്‍സ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് പരിഗണിച്ച തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജി എസ് എസ് വാസന്‍ സംഭവസ്ഥലത്തിന്റെ അധികാരപരിധിയുള്ള മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റി ഉത്തരവിടുകയായിരുന്നു.

തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിടനിര്‍മാണ ചട്ടവും ലംഘിച്ചാണ് കായലിന് സമീപത്ത് ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചതെന്നും ഇതിനു കോര്‍പ്പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്തുയെന്നുമാണ് പരാതി. പൊതുപ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ സ്ഥലം അളന്ന് റിപ്പോര്‍ട്ട് ഹാജരാക്കാനുള്ള കോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു ഈ നടപടി. ജനവരി ആറിന് ഈ കേസ് പരിഗണിച്ചപ്പോള്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോ ബന്ധപ്പെട്ടവരോ ഹാജരായിരുന്നില്ല. സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസയച്ച കോടതി 12ന് നേരിട്ട് ഹാജരാവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ സെക്രട്ടറി വി ആര്‍. രാജു, മുന്‍ അസി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന് എം
ജോര്‍ജ്, നിലവിലെ അസി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എ നിസാര്‍, കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വെയര്‍ രാജീവ് ജോസഫ്, നടന്‍ ജയസൂര്യ എന്നിവരാണ് കേസില്‍ യഥാക്രമം ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്.
2013 ആഗസ്ത് ഒന്നിന് ഗിരീഷ്ബാബു നല്‍കിയ പരാതിയെത്തുടര്‍ന്ന് അനധികൃത നിര്‍മ്മാണം പതിനാലു ദിവസത്തിനകം പൊളിച്ചുനീക്കാന്‍ ജയസൂര്യക്ക് കൊച്ചി കോര്‍പ്പറേഷന്‍ 2014-ല്‍ നോട്ടീസ് നല്‍കിയിരുന്നു. കൈയേറ്റം അളക്കാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :