ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (14:04 IST)
മുല്ലപ്പെരിയാർ കേസിൽ തമിഴ്നാടിനു സുപ്രീംകോടതിയിൽ തിരിച്ചടി. അണക്കെട്ടിന്‍റെ സുരക്ഷക്കായി കേന്ദ്രസേനയെ (സിഐഎസ്എഫ്) വിന്യസിക്കണമെന്ന തമിഴ്‌നാടിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് ടിഎസ് ഥാക്കൂർ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
ഇടക്കാല ഉത്തരവ് മാറ്റാനാവില്ലെന്നും ഭരണഘടനാ ബെഞ്ചിന്‍റെ വിധി മാറ്റണമെങ്കിൽ പുനഃപരിശോധനാ ഹര്‍ജി നൽകണമെന്നും സുപ്രീംകോടതി തമിഴ്നാടിനെ അറിയിച്ചു. ഇതേതുടർന്ന് തമിഴ്‌നാട് ഹര്‍ജി പിന്‍വലിച്ചു. തീര്‍പ്പാക്കിയ കേസില്‍ ഇടക്കാല ഹര്‍ജി സമര്‍പ്പിക്കുന്നതിനെ സുപ്രീം കോടതി ഏതിര്‍ത്തതിനെത്തുടര്‍ന്നാണിത്. വിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിക്കുമെന്ന് തമിഴ്‌നാടിനുവേണ്ടി ഹാജരായ അഡ്വ രാകേഷ് ദ്വിവേദി പറഞ്ഞു.
അണക്കെട്ടിന് ഭീകരരുടെ ഭീഷണിയുള്ളതിനാല്‍ സുരക്ഷാ ചുമതല കേരളാ പൊലീസില്‍ നിന്ന് മാറ്റി കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. ഡാമിന്‍റെ സുരക്ഷയ്‌ക്കായി ഒരു പ്രത്യേക പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചെന്നും അതിനാല്‍ കേന്ദ്രസേന വേണ്ടെന്നുമുള്ള നിലപാടാണ് കേരളം സുപ്രീംകോടതിയിൽ സ്വീകരിച്ചത്.