കസ്റ്റഡിയിലും ശരണ്യയെ തേടി കാമുകന്റെ 17 മിസ്ഡ് കോൾ; പ്രണവുമൊത്തുള്ളത് പ്രണയവിവാ‍ഹം

കാമുകന് മറ്റൊരു കാമുകി ഉണ്ടെന്നറിഞ്ഞിട്ടും ശരണ്യ ബന്ധം അവസാനിപ്പിച്ചില്ല...

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (08:32 IST)
കണ്ണൂരിൽ ഒന്നര വയസുകാരന്റെ മൃതദേഹം കടലിൽനിന്നും കണ്ടെത്തിയ സംഭവത്തിൽ അമ്മയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത സമയം ശരണ്യയെ 17 തവണ വിളിച്ച് കാമുകൻ. ചോദ്യം ചെയ്യലിന്റെ ആദ്യദിവസം 17 തവണയാണ് കാമുകൻ ശരണ്യയുടെ ഫോണിലേക്ക് വിളിച്ചത്. ശരണ്യയുടെ ഫോണിലെ ചാറ്റ് ഹിസ്റ്ററിയിൽ നിന്നാണ് കൊലപാതകത്തിന്റെ കാരണം പൊലീസ് അഴിച്ചെടുത്തത്.

കാമുകനുമൊത്ത് ജീവിക്കാൻ ശരണ്യ അതിയായി ആഗ്രഹിച്ചിരുന്നു. അതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭർത്താവ് പ്രണവുമായി പ്രണയവിവാഹമായിരുന്നു ശരണ്യയുടേത്. ശരണ്യ ഗർഭിണിയായ ശേഷം ഒരു വർഷത്തേക്ക് പ്രണവ് ഗൾഫിലേക്ക് പോയിരുന്നു. തിരിച്ചെത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

ഒരു വർഷം മുൻപാണ് ശരണ്യ ഭർത്താവിന്റെ സുഹൃത്തുകൂടിയായ കാമുകനുമായി ബന്ധം തുടങ്ങിയത്. ശരണ്യയുമായി വഴക്കാണെന്ന കാര്യം പ്രണവ് ആണ് കാമുകനെ അറിയിച്ചത്. ഇതറിഞ്ഞ ഇയാൾ ഇത് മുതലെടുക്കുകയായിരുന്നു. ആദ്യം ഫേസ്ബുക്ക് വഴി തുടങ്ങിയ ബന്ധം പരസ്പരം അടുപ്പത്തിലേക്ക് എത്തിക്കാൻ ഇയാൾക്ക് സാധിച്ചു.

കാമുകന് മറ്റൊരു കാമുകിയുണ്ട്. ഈ പെൺകുട്ടിയെ വിവാഹം ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു ഇയാൾ. ശരണ്യയ്ക്ക് ഇയാൾ വിവാഹവാഗ്ദാനം നൽകിയിട്ടില്ല. പക്ഷേ, കാമുകനുമൊത്തുള്ള ജീവിതത്തിന് തടസം മകനാണെന്ന് തെറ്റിദ്ധരിച്ചാണ് ശരണ്യ കുഞ്ഞിനെ കൊല്ലാൻ തയ്യാറായത്. പിണങ്ങി നിന്ന ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഇതാണ് പറ്റിയ സമയമെന്ന് കരുതി. കൊലപാതകത്തിൽ കാമുകന്
പങ്കില്ലെന്നാണു പൊലീസ് നിഗമനം. എങ്കിലും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :