അഭിറാം മനോഹർ|
Last Modified ശനി, 16 ഏപ്രില്‍ 2022 (15:28 IST)
24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ നടന്നതിന്റെ നടുക്കത്തിലാണ് പാലക്കാട്. കണ്ണിന് പകരം കണ്ണെന്ന തരത്തിൽ തുടർ കൊലപാതകങ്ങൾ നടന്നതിനെ തുടർന്ന് പ്രദേശത്ത് ക്രമസമാധാനം കൈവിട്ട നിലയിലാണ്. ഇന്നലെ പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് മുൻ ആർഎസ്എസ് പ്രചാരക് ശ്രീനിവാസനും കൊല്ലപ്പെട്ടതോടെയാണ് സ്ഥിതിഗതികൾ വഷളായത്.
ഇതിനെ തുടർന്ന് സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് വിട്ടു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേൽനോട്ടം വഹിക്കാനാണ് നിർദ്ദേശം. കൂടുതൽ പൊലീസുകാരെയും ജില്ലയിൽ വിന്യസിക്കും. സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാടത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പാലക്കാടേക്കും. എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജില്ലാ ആശുപത്രിയിൽ നിന്ന് പുറപ്പെട്ടു. ഈ കൊലപാതകം നടന്ന് 24 മണിക്കൂർ പിന്നിടും മുൻപാണ് അടുത്ത കൊലപാതകവും നടന്നത് എന്നുള്ളത് പോലീസ് ഇന്റലിജൻസ് സംവിധാനത്തിന്റെ വീഴ്‌ചയായാണ് വിലയിരുത്തപ്പെടുന്നത്.
പാലക്കാട് മേലാമുറിയിലാണ് ഇന്ന് കൊലപാതകം നടന്നത്. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ, ആർഎസ്എസിന്റെ ശക്തികേന്ദ്രത്തിൽ ഇദ്ദേഹം നടത്തിയിരുന്ന കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് മണിയോടെ മരിക്കുകയായിരുന്നു.മൂന്ന് സ്കൂട്ടറുകളിലായി അഞ്ച് പേരടങ്ങിയ അക്രമിസംഘമാണ് ക്രൂരകൃത്യം നടത്തിയത്. എല്ലാവരുടെ കൈയിലും വാളുകളുണ്ടായിരുന്നു. അക്രമികള്‍ കടയിലേക്ക് കയറി തുരുതുരെ വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു.