രേണുക വേണു|
Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (12:54 IST)
പരിസ്ഥിതി ദിനത്തില്‍ ഏതാനും യുവാക്കള്‍ ചേര്‍ന്ന് നട്ട കഞ്ചാവ് ചെടി പൊലീസ് പിടികൂടി. കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.നൗഷാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ടച്ചിറ ഭാഗത്ത് നടത്തിയ പരിശോധനയില്‍ രണ്ട് കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. പൊലീസ് കേസെടുത്തു.
കണ്ടച്ചിറ കുരിശടി മുക്കില്‍നിന്നും ബൈപ്പാസ്സിലേക്ക് പോകുന്ന റോഡിന്റെ അരികിലാണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത്. ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ കണ്ടച്ചിറ ഭാഗത്തുള്ള മയക്കുമരുന്നിനു അടിമയായ ഒരു യുവാവിന്റെ നേത്യത്വത്തിലാണ് രണ്ടു മൂന്നുപേര്‍ ചെടി നട്ടത്. 'ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ചെടിയാണ് ഈ ചെടി, ഈ ചെടി ഇവിടെ വളരട്ടെ,' എന്നു പറഞ്ഞു ബഹളമുണ്ടാക്കി ഈ ഭാഗത്ത് കഞ്ചാവ് ചെടി നട്ടശേഷം മൊബൈലില്‍ ഫോട്ടോയും എടുത്തു.
റോഡരികില്‍ കഞ്ചാവ് ചെടി കണ്ട ഒരാള്‍ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് പൊലീസ് കഞ്ചാവ് ചെടി കണ്ടെത്തിയത്.