സജിത്ത്|
Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (14:57 IST)
പെണ്ണിന്റെ അഭിമാനം വലിച്ചു കീറുന്നവന് മരണമായിരിക്കണം ശിക്ഷയെന്ന് നടി മഞ്ജുവാര്യര്‍. സൌമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടാണ് മഞ്ജു ഇത്തരത്തില്‍ പ്രതികരിച്ചത്. മരണമെന്നത് കഴുത്തില്‍ കുരുക്കിട്ട് തന്നെ വേണമെന്നില്ല. പ്രതിയുടെ ശിഷ്ടജീവിതം മരണസമാനമായാലും മതിയെന്നും മഞ്ജു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
മഞ്ജുവാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ജീവിതം പലവട്ടം തോൽപ്പിച്ചതുകൊണ്ട് പഠനം നിർത്തേണ്ടി വരികയും ഒരു കുഞ്ഞുവീട് എന്ന തീർത്തും സാധാരണ സ്വപ്നത്തിനു വേണ്ടി വിശപ്പു മറന്ന് പണിയെടുക്കേണ്ടി വരികയും ചെയ്ത ഒരു പെൺകുട്ടി. വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മയുടെ അടുക്കലേക്കുള്ള യാത്രയിൽ ഏകാന്തമായ തീവണ്ടി മുറിയിൽ നിന്ന് അവൾ വഴിയരികിലേക്ക് വലിച്ചെറിയപ്പെടുന്നു. അവിടെ വച്ച് അവന്റെ നഖങ്ങളാലും പല്ലുകളാലും പിച്ചിക്കീറപ്പെടുന്നു. ആറാം നാൾ ആശുപത്രിയിൽ അവസാനിക്കുന്നു. മാനം കവർന്നെടുക്കപ്പെട്ട് അവൾ മരിച്ചു എന്നത് സത്യം. ഒരു ആൺമൃഗമാണ് അതിനു കാരണക്കാരൻ എന്നതും സത്യം. എന്താണ് അവനുള്ള ശിക്ഷ? നമ്മുടെ നീതിന്യായ വ്യവസ്ഥ ആദ്യം വിധിച്ചത് പിന്നീട് തിരുത്തിയെഴുതിയിരിക്കുന്നു.
പെണ്ണിന്റെ അഭിമാനം വലിച്ചു കീറുന്നവന് എന്താണ് ശിക്ഷയെന്നതിലുള്ള അവ്യക്തതയാണ് സൗമ്യ വധക്കേസിലെ പരമോന്നത നീതിപീഠത്തിന്റെ വിധിയെഴുത്തിലൂടെ വ്യക്തമാകുന്നത്. ഏഴു വർഷമെന്ന അഭ്യൂഹത്തിൽ തുടങ്ങി ഒടുവിലത് ജീവപര്യന്തമെന്ന വാർത്തയിൽ എത്തി നിൽക്കുന്നു. അപ്പോഴും അത് ജീവിതാന്ത്യം വരെയുള്ള തടവാണോ എന്ന് ഉറപ്പിച്ചു പറയാൻ നമുക്ക് കഴിയുന്നില്ല. അഥവാ അങ്ങനെയാണെങ്കിൽ തന്നെ ഭാവിയിൽ ഏതെങ്കിലും സർക്കാരിന് ഇളവു ചെയ്യാമെന്ന വ്യവസ്ഥ ചോദ്യചിഹ്നം പോലെ ചിരിക്കുന്നു.
ഇതു തന്നെയാകില്ലേ ഒടുവിൽ ജിഷ വധക്കേസിലും സംഭവിക്കുകയെന്ന സംശയം എല്ലാവരിലും ഉണരുന്നു. വധശിക്ഷക്ക് രണ്ടു പക്ഷമുളളതിനാൽ, മാനഭംഗക്കേസുകളിൽ ജീവിതാന്ത്യം വരെ യാതൊരു ആനുകൂല്യങ്ങളും ഇളവുകളുമില്ലാത്ത ഏകാന്തമായ കഠിന തടവ് എന്ന ശിക്ഷയിലേക്ക് നമ്മുടെ വ്യവസ്ഥ പൊളിച്ചെഴുതപ്പെടേണ്ടതല്ലേ? നിർഭയ കേസിനു ശേഷം ശിക്ഷാ വ്യവസ്ഥകളിൽ വരുത്തിയ ഭേദഗതികളിൽ പോലും ആശ്വാസമർപ്പിക്കാനാകില്ലെന്ന് സൗമ്യ കേസിലെ വിധി കാണിച്ചു തരുന്നു.
പെണ്ണിനെ പിച്ചിച്ചീന്തുന്നവന് മരണമാകണം വിധി. അത് കഴുത്തിൽ കുരുക്കിട്ടു കൊണ്ട് ആവണമെന്നില്ലല്ലോ, അവന്റെ ശിഷ്ടജീവിതം മരണ സമാനമായാലും പോരെ? ഒരു തിരുത്തിയെഴുത്തും സാധ്യമല്ലാതെ അങ്ങനെയൊരു അന്തിമ വിധിയിലേക്ക് എന്നാണ് നമ്മുടെ നിയമം ഏകീകരിക്കപ്പെടുക?