തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (14:19 IST)
യുവവ്യവസായി മുത്തൂറ്റ് പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ട കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചു. ആദ്യത്തെ ഒമ്പതു പ്രതികള്‍ക്ക് ജീവപര്യന്തവും പത്തു മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ജയചന്ദ്രന് ജീവപര്യന്തവും 50, 000 രൂപ പിഴയുമാണ് വിധിച്ചു. തിരുവനന്തപുരം സി ബി ഐ കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.
പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ട കേസില്‍ ആദ്യ പതിമൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് സി ബി ഐ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പതിനാലാം പ്രതി അനീഷിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയും ചെയ്തിരുന്നു.
ജയചന്ദ്രന്‍, ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ കാരി സതീശ്, സത്താര്‍, ആകാശ് ശശിധരന്‍, സതീഷ് കുമാര്‍, രാജീവ് കുമാര്‍, ഷിനോ പോള്‍, ഫൈസല്‍ (കൊലപാതകത്തില്‍ പങ്കെടുത്തവര്‍), അബി, റിയാസ്, സിദ്ദിക്ക്, ഇസ്മയില്‍, (തെളിവ് നശിപ്പിച്ചവര്‍) സുള്‍ഫിക്കര്‍, സബീര്‍ എന്നിവരെയാണ് ജഡ്ജി ആര്‍ രഘു കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2009 ആഗസ്ത് 22നാണ് പോള്‍ എം.ജോര്‍ജ് കുത്തേറ്റ് മരിച്ചത്. കേരള പോലീസ് ആദ്യം തയ്യാറാക്കിയ കുറ്റപത്രത്തില്‍ 25 പേരെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ 2010 ജനവരി 29ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സി ബി ഐ അന്വേഷണം എറ്റെടുത്ത ശേഷം 14 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. വിശദാന്വേഷണത്തിനിടെ അഞ്ചുപേരും കൂടി പ്രതികളായി.