ദീര്‍ഘ ദൂരം ഓടാന്‍ കെഎസ്ആര്‍ടിസി മാത്രം മതിയെന്ന് സര്‍ക്കാര്‍

കൊച്ചി| VISHNU.NL| Last Modified ശനി, 20 ഡിസം‌ബര്‍ 2014 (15:48 IST)
സംസ്ഥാനത്തെ 241 ദീര്‍ഘദൂര സൂപ്പര്‍ ക്ളാസ് റൂട്ടുകളില്‍
സര്‍വീസ് നടത്താന്‍ ഇനി സ്വകാര്യ ബസുകളെ അനുവദിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഈ റൂട്ടുകളില്‍ ഇനി കെഎസ്ആര്‍ടിസ്ക്ക് മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം.
നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാനുള്ള ഉത്തരവ് പിന്‍‌വലിക്കാനും സര്‍ക്കാര്‍ തീരുമാനമായി. ഇക്കാര്യം ഉടന്‍ തന്നെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.

ഈ റൂട്ടുകള്‍ ഏറ്റെടുക്കാന്‍ വൈകുന്നത് സ്വകാര്യ മേഖലയെ സഹായിക്കാനാണോ എന്നു ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് പാസഞ്ചേഴ്സ് അസോസിയേഷനും കെഎസ്ആര്‍ടിസി എംപ്ളോയീസ് അസോസിയേഷനും (സിഐടിയു) സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് വാദം നടക്കവേയാണ് കോടതി സര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത്.
അതിനേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

241 സ്വകാര്യ പെര്‍മിറ്റുകളുടെ കാലാവധി തീരുന്ന മുറയ്ക്കു സര്‍വീസ് ഏറ്റെടുക്കാനാകുമെന്നു നവംബര്‍ 15നകം കെഎസ്ആര്‍ടിസി തെളിയിച്ചാല്‍ സ്വകാര്യ മേഖലയെ ഒഴിവാക്കാമെന്നു കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. മുന്‍ സ്കീം അനുസരിച്ച് എല്ലാ റൂട്ടുകളിലും സര്‍വീസ് നടത്താനുള്ള സൌകര്യങ്ങള്‍ കെഎസ്ആര്‍ടിസിക്കുണ്ടെന്നു ബോധ്യപ്പെട്ടാല്‍, സ്വകാര്യ ബസുകള്‍ക്കു താല്‍ക്കാലിക പെര്‍മിറ്റ് അനുവദിച്ച ജൂലൈ 17ലെ നിര്‍ദേശം ഗതാഗത സെക്രട്ടറി പിന്‍വലിക്കണമെന്നും
കോടതി അന്ന് നിര്‍ദ്ദേശിച്ചിരുന്നു.

ഇതും സര്‍ക്കാര്‍ തീരുമാനത്തിന് കാരണമായി. 40 കിലോമീറ്ററിലേറെ ദൂരമുള്ള, ഫാസ്റ്റിന് മുകളിലുള്ള സര്‍വീസുകളാണ് സൂപ്പര്‍ ക്ളാസ്. ഈ റുട്ട് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ കെഎസ്ആര്‍ടിസി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ആവശ്യത്തിന് ബസുകള്‍ ഇല്ലാതിരുന്നതിനാലാണ് ഈ തീരുമാനം വൈകിയത്. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിലാണ് കേസ് നടക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :