പരവൂർ ദുരന്തം; സിബിഐ അന്വേഷണമാകാമെന്ന് മുഖ്യമന്ത്രി

ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിനാണ് ഇപ്പോള്‍ പരിഗണ നല്‍കുന്നത്

 മുഖ്യമന്ത്രി ഉമ്മൻചാണ്ടി , പരവൂർ ദുരന്തം , വെടിക്കെട്ട് , ക്ഷേത്രാചാരങ്ങള്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (12:02 IST)
113പേരുടെ മരണത്തിന് ഇടയാക്കുകയും 350ലേറേ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌ത പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തെക്കുറിച്ച് ഏത് അന്വേഷണം നടത്തുന്നതിനും സർക്കാരിന് വിരോധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സിബിഐ അന്വേഷണം നടത്തുന്നതിനെ സർക്കാർ സ്വാഗതം ചെയ്യുന്നു.
അന്വേഷണത്തില്‍ അലംഭാവമുണ്ടാകില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.

ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിനാണ് ഇപ്പോള്‍ പരിഗണ നല്‍കുന്നത്. വെടിക്കെട്ട് നിയന്ത്രിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ നാളെ സർവകക്ഷി യോഗം ചേരും. കൂടാതെ ദുരന്തസ്ഥലം മന്ത്രിസഭാ ഉപസമിതി നാളെ പരവൂർ സന്ദർശിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ എന്നിവരടങ്ങിയ ഉപസമിതിയാണ് സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തുക.

വെടിക്കെട്ട് ക്ഷേത്രാചാരങ്ങളുടെ ഭാഗമായതിനാൽ നിരോധിക്കരുത് എന്ന് ഒരു വാദമുണ്ട്. എന്നാൽ, അപകടങ്ങൾ ഉണ്ടാവുമെന്നതിനാൽ വെടിക്കെട്ട് നിരോധിക്കണമെന്ന മറുവാദവും ഉണ്ട്. ഇതെല്ലാം നാളത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയവരോടും ദുരന്തത്തില്‍ താങ്ങായ് നിന്നവരോടും നന്ദിയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :