കൊല്ലം വെടിക്കെട്ട് അപകടം: 105 മരണം ; 300ലധികം പേർക്ക് പരുക്ക്

നാടിനെ നടുക്കിയ കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ 105 പേര്‍ മരിച്ചതായാണ് അവസാനം ലഭിക്കുന്ന വിവരം.

കൊല്ലം, വെടിക്കെട്ട്, മരണം, അപകടം kollam, fireworks, death, accident
കൊല്ലം| സജിത്ത്| Last Modified ഞായര്‍, 10 ഏപ്രില്‍ 2016 (10:50 IST)
നാടിനെ നടുക്കിയ കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ 105 പേര്‍ മരിച്ചതായാണ് അവസാനം ലഭിക്കുന്ന വിവരം. അപകടം നടക്കുമ്പോള്‍ 1000ത്തോളം പേര്‍ ഉത്സവത്തിന്റെ ഭാഗമായി ഇവിടെ ഉണ്ടായിരുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

അപകടത്തില്‍പ്പെട്ട പൊലീസുകാരന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സജി സെബാസ്റ്റ്യന്‍ എന്ന പൊലീസുകാരനാണ് മരിച്ചത്. കൂടാതെ മറ്റ് പന്ത്രണ്ടുപേരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്നൂറിലേറെപ്പേർക്ക് പരുക്കുണ്ട്. ഒട്ടേറെപ്പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. വെടിക്കെട്ടിനിടെ പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയിൽ വീണാണ് അപകടം. ക്ഷേത്രത്തിന് തെക്ക് ഭാഗത്താണ് കമ്പപ്പുര. കോണ്‍ക്രീറ്റ് തൂണില്‍ ഓട് മേഞ്ഞതാണ് കെട്ടിടം.
ദേവസ്വം ബോർഡിന്റെ ഓഫിസ് പൂർണമായും തകർന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയി. സ്ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടു.

ശക്തമായ സ്ഫോടനത്തില്‍ കോണ്‍ക്രീറ്റും ഓടും ശരീരത്തില്‍ തറച്ചുകയറിയാണ് പലര്‍ക്കും പരിക്കേറ്റത്. ക്ഷേത്രത്തിന്റെ ഉപദേവാലയങ്ങളുടെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തും തെക്കുഭാഗത്തുള്ള കമ്പപ്പുരയോട് ചേര്‍ന്ന് നിന്നവരാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. വൈദ്യൂതി, ടെലഫോണ്‍ ബന്ധങ്ങളെല്ലാം തകരാറിലായിട്ടുണ്ട്.

അപകടസമയത്ത് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പരവൂർ സ്റ്റേഷനിൽ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പൊള്ളലേറ്റവരെ എത്തിച്ചാൽ ഉടൻ അടിയന്തര ചികിൽസ നൽകണം. ജാഗ്രതാ നിർദേശം സ്വകാര്യ ആശുപത്രികൾക്കും ബാധകമാണ്. ആരോഗ്യമന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി.

കൊല്ലത്ത് കൺട്രോൾ റൂം തുറന്നു. നമ്പർ: 0474-2512344, 9497930863, 9497960778



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :