ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (11:41 IST)
പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് കേരള ഹൗസ് കാന്റീനില്‍ പൊലീസ് റെയ്‌ഡ് നടത്തിയ നടപടിക്കെതിരെ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കാന്റീനില്‍ ബീഫ് പരിശോധന നടത്തിയ പൊലീസുകാര്‍ക്കെതിരേ നടപടിയെടുക്കണം. രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഗൂഢ ശ്രമമാണ് റെയ്ഡിനു പിന്നിലെന്നും കോടിയേരി പറഞ്ഞു.
കേരള ഹൌസ് കാന്റീനില്‍ ബീഫ് പരിശോധന നടത്തിയ സംഭവത്തില്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ ഇടപെടല്‍ നടത്തണം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഷയത്തില്‍ കൂടുതല്‍ ഇടപെടണം. ഏത് ഭക്ഷണം കഴിക്കണമെന്നുള്ള മനുഷ്യന്റെ അവകാശം സംരക്ഷിക്കുന്നതിന് സിപിഎം മുന്നിലുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
കാന്റീനില്‍ ബീഫ് പരിശോധന നടത്താന്‍ കാരണക്കാരനായ പ്രതീഷ് വിശ്വനാഥനെതിരെയും കേസെടുക്കണം. ഇയാളാണ് വിവാദം ആളിക്കത്തിക്കാന്‍ കാരണക്കാരനായതെന്നും കോടിയേരി പറഞ്ഞു.
അതേസമയം, കേരള ഹൌസില്‍ റെയ്‌ഡ് നടന്ന സംഭവത്തില്‍ ബിജെപിയേയും ആര്‍എസ്എസിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. കേരള ഹൌസില്‍ എന്ത് വിളമ്പണമെന്ന് തീരുമാനിക്കുന്നത് കേരള സര്‍ക്കാരാണ്. അല്ലാതെ ബിജെപിയും ആര്‍ എസ്എസും അല്ല. കേരളത്തിലെ മൂന്നാം മുന്നണിയെന്നത് കാറ്റു പോയ ബലൂണ്‍ പോലെയാണെന്നും ചെന്നിത്തല പരിഹസിച്ചു.