പരവൂർ ദുരന്തം: വെടിക്കെട്ട് തടയാതിരുന്നതെന്തുകൊണ്ട്? ; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

പരവൂർ ദുരന്തം: വെടിക്കെട്ട് തടയാതിരുന്നതെന്തുകൊണ്ട്? ; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി| aparna shaji| Last Updated: ചൊവ്വ, 12 ഏപ്രില്‍ 2016 (15:37 IST)
കൊല്ലം പരവൂരിൽ നടന്ന വെടിക്കെട്ട് ദുരന്തത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വെടിക്കെട്ട് നടത്തുന്നതിന്റെ അനുമതി കലക്ടർ നിഷേധിച്ചിട്ടും പൊലീസ് എന്തുകൊണ്ട് തടഞ്ഞില്ലെന്ന് ഹൈക്കോടതി ആരാഞ്ഞു. 110 പേർ മരിക്കാനിടയായ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ജസ്റ്റിസ് ചിദംബരേഷ്
സമര്‍പ്പിച്ച കത്ത് പൊതുതാല്‍പര്യ ഹർജിയായി പരിഗണിക്കുകയായിരുന്നു കോടതി.

കലക്ടറുടെ ഉത്തരവ് നടപ്പിലാക്കാത്തവർക്കെതിരെ എന്തുകൊണ്ട് നടപടികൾ സ്വീകരിച്ചില്ല.
നിയമ വാഴ്ചയുടെ വൻ പരാജയമാണിത്. ജനങ്ങ‌ൾക്ക് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണിത്. ദുരന്തം തടയാമായിരുന്നു. എന്നിട്ടും എന്തുകൊണ്ടത് നടന്നില്ല എന്ന കോടതിയുടെ ചോദ്യത്തിന് പൊലീസിനു വിശദമായ മറുപടി നൽകാൻ സാധിച്ചില്ല. സംസ്ഥാന പൊലീസിന് പിഴവ് പറ്റിയെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും കോടതി വിമർശിച്ചു.

അന്വേഷണത്തിൽ വിശ്വാസക്കുറവുണ്ടെന്നും സംസ്ഥാന പൊലീസിന് പാളിച്ചകൾ സംഭവിച്ചുവെന്നും കോടതി പരാമർശിച്ചു. വലിയ തോതിൽ രാഷ്ട്രീയ സമ്മർദങ്ങ‌ൾ നിലനിൽക്കുന്നതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നും പൊലീസിനു ഇതിനുമേൽ വലിയ വീഴ്ച ഉണ്ടായിരിക്കുകയാണ്. ഇക്കാര്യത്തിൽ പൊലീസിന് വിശദമായ മറുപടി നൽകാൻ സാധിക്കാത്തത് കോടതിക്ക് അസ്വസ്തതയുണ്ടാക്കി.

വെടിക്കെട്ടിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ കണക്ക് വ്യക്തമാക്കാൻ പൊലീസിന് കഴിയാത്തതിനെതിരേയും കോടതി വിമർശിച്ചു. അതേസമയം ക്ഷേത്രങ്ങ‌ളിൽ ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ചും പരാമർശം ഉണ്ടായി. എന്നാൽ ഇക്കാ‌ര്യം മറ്റൊരു സാഹചര്യത്തിൽ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :