യുഡിഎഫ് തിളക്കമാർന്ന വിജയം നേടും, ആർക്കും ആശങ്കവേണ്ട: കെഎം മാണി

കെഎം മാണി , യുഡിഎഫ് , കേരള കോണ്‍ഗ്രസ് (എം) ,ജോസ് കെ മാണി
പാലാ| jibin| Last Modified വ്യാഴം, 5 നവം‌ബര്‍ 2015 (15:14 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിളക്കമാർന്ന വിജയം നേടുമെന്ന് ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെഎം മാണി. യുഡിഎഫിന്റെ വിജയത്തിൽ ആർക്കും ആശങ്കവേണ്ട. ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അരുണാപുരം അൽഫോൺസാ കോളേജില്‍ വോട്ട് ചെയ്യാനെത്തിയ മാണി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഭാര്യ കുട്ടിയമ്മ, മകൻ ജോസ് കെ മാണി എംപി, മരുമകൾ നിഷാ ജോസ് കെ മാണി എന്നിവരോടൊപ്പമാണ് വോട്ട് ചെയ്യാനാത്തിയത്.

യുഡിഎഫിന് വിജയസാദ്ധ്യതയാണുള്ളതെന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശ് പറഞ്ഞു. സർക്കാരിന്റെ നാലര വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലാവും തദ്ദേശ തെരഞ്ഞെടുപ്പ്. ഭിന്നതകൾ ഉണ്ടാവുന്നത് സ്വാഭാവികമാണെങ്കിലും യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭിന്നതകൾ മുന്നണിയെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫിന് ജയസാദ്ധ്യതയുണ്ടെന്ന് മന്ത്രി കെ ബാബു പറഞ്ഞു. മലപ്പുറത്ത് വിമതശല്യം എപ്പോഴും ഉണ്ടാവാറുള്ളതാണ്. അതൊന്നും യുഡിഎഫിനെ ബാധിക്കില്ല. ഇടതു മുന്നണിക്കും വിമതശല്യമുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ബാബു പറഞ്ഞു.

ബാർ കോഴക്കേസ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാവിലെ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടും. മൂന്നാം മുന്നണിക്ക് കേരളത്തിൽ വേരുറപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മൂന്നാം മുന്നണിക്ക് അനുകൂലമായ ഒരു സാഹചര്യവും ഇല്ല. ബാർ കോഴക്കേസ് തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോഴും ബാർ കോഴക്കേസ് ഉണ്ടായിരുന്നു. എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്താൻ വൈകിയിട്ടില്ലെന്നും രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :