തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സ്ഥലമാറ്റത്തിന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ വിലക്ക്

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 3 നവം‌ബര്‍ 2020 (09:57 IST)

തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സ്ഥലമാറ്റത്തിന് നവംബര്‍ 2 മുതല്‍

തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് ചീഫ്
സെക്രട്ടറിക്കും മറ്റ് വകുപ്പ് തലവന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും, നിയമാനുസൃതബോര്‍ഡുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സ്ഥലമാറ്റത്തിനാണ് നവംബര്‍ 2 മുതല്‍ നിരോധനം ഏര്‍പ്പെടുത്തി കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

തദ്ദേശതിരഞ്ഞെടുപ്പിന്റെ ഭാഗമായുളള പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്നും ഉദ്യോഗസ്ഥരെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായും വരണാധികാരികളായും ഉപവരണാധികാരികളായും കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുളള നടപടികളും പുരോഗമിച്ച് വരുകയാണ്. ജീവനക്കാരുടെ സ്ഥലമാറ്റം തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കുമെന്നതിനാലാണ് സ്ഥലമാറ്റത്തിന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ നിരോധനം ഏര്‍പ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :