ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും അവസരം നല്‍കണം, കൂടുതല്‍ വാക്സിന്‍ അനുവദിക്കണം: കെകെ ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തെഴുതി

ശ്രീനു എസ്| Last Modified ഞായര്‍, 21 ഫെബ്രുവരി 2021 (07:52 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷന്‍ കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന് കത്തെഴുതി. പ്രധാനമായും രണ്ട് കാര്യങ്ങളാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. ഒന്ന്, അവസരം നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വീണ്ടും അവസരം നല്‍കുക. രണ്ട്, മൂന്നാമത്തെ മുന്‍ഗണനാ ഗ്രൂപ്പിന്റെ വാക്സിനേഷനായി കൂടുതല്‍ കോവിഡ് വാക്സിന്‍ അനുവദിക്കണം.

നിശ്ചിത സമയത്തിനുള്ളില്‍ സംസ്ഥാനത്തെ ഭൂരിഭാഗം ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തെങ്കിലും കുറച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ടൈം ലൈന്‍ നഷ്ടമായിരുന്നു. അവര്‍ക്ക് വീണ്ടും രജിസ്ട്രേഷന്‍ ചെയ്യാനുള്ള അവസരം നല്‍കണം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രായമായ ജനസംഖ്യയുള്ളത് കേരളത്തിലാണ്. മൂന്നാമത്തെ മുന്‍ഗണനാ ഗ്രൂപ്പായ 50 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്ട്രേഷനും വാക്സിനേഷനും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം എത്രയും വേഗം മാര്‍ഗനിര്‍ദേശം നല്‍കുകയും ഇവര്‍ക്ക് ആവശ്യമായ വാക്സിന്‍ അധികമായി നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :