ശ്രീനു എസ്|
Last Modified ശനി, 10 ഏപ്രില്‍ 2021 (09:00 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും കുറേക്കൂടി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ വര്‍ധിപ്പിക്കുന്നതാണ്. ആവശ്യമായ ഐസിയുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ സജ്ജമാക്കുന്നതാണ്. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടിലെ ചികിത്സ തുടരുന്നതാണ്. എന്നാല്‍ അതിനുള്ള സൗകര്യങ്ങള്‍ വിട്ടിലുള്ളവര്‍ക്ക് മാത്രമേ വീട്ടിലെ ചികിത്സയ്ക്ക് അനുവദിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ കോവിഡ് ഉന്നതതല ഓണ്‍ലൈന്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗികളുടെ എണ്ണം കൂടിയാല്‍ ആവശ്യമെങ്കില്‍ അതത് പ്രദേശങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ വര്‍ധിപ്പിക്കുന്നതാണ്. ജില്ലാതലത്തിലെ ടീം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതാണ്. വിദഗ്ധ ചികിത്സയ്ക്കായിട്ടുള്ള സിഎസ്എല്‍ടിസികളുടെ എണ്ണവും കൂട്ടുന്നതാണ്.