വോട്ടര്‍പട്ടികയിലെ ആവര്‍ത്തനം ഒഴിവാക്കാനും കള്ളവോട്ടും തടയാനും കര്‍ശന നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ശ്രീനു എസ്| Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (15:13 IST)
വോട്ടര്‍പട്ടികയിലെ ആവര്‍ത്തനം ഒഴിവാക്കാനും കള്ളവോട്ടും തടയാനും കര്‍ശന നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍പ്പട്ടികയില്‍ പേരുകള്‍ ആവര്‍ത്തിച്ചിട്ടുള്ളതായ പരാതികളുയര്‍ന്ന സാഹചര്യത്തില്‍ കള്ളവോട്ട് തടയാന്‍ വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കി. വോട്ടര്‍പ്പട്ടിക സംബന്ധിച്ച പരാതികളില്‍ ജില്ലാ കളക്ടര്‍മാര്‍ മുഖേന നടത്തിയ പ്രാഥമിക പരിശോധനയില്‍ വോട്ടര്‍മാരുടെ പേരുകള്‍ ആവര്‍ത്തിക്കുന്നതായും, സമാനമായ ഫോട്ടോകളും വിലാസവും വ്യത്യസ്തമായ പേരുകളും ഉള്ള എന്‍ട്രികളും, ഒരേ വോട്ടര്‍ നമ്പരില്‍ വ്യത്യസ്ത വിവരങ്ങളുമായ എന്‍ട്രികളും കണ്ടെത്തിയിരുന്നു.

സാധാരണഗതിയില്‍ സമാന എന്‍ട്രികള്‍ വോട്ടര്‍പട്ടികയില്‍ കണ്ടെത്തിയാല്‍ എറോനെറ്റ്, ഡീ ഡ്യൂപ്ലിക്കേഷന്‍ സോഫ്‌റ്റ്വെയര്‍ എന്നിവ ഉപയോഗിച്ച് കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ് പതിവ്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ സമാനമായ വോട്ടര്‍മാരെ ഒഴിവാക്കുന്നതിനല്ല, വോട്ടര്‍പട്ടികയിലേക്ക് തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ട്.ഈ സാഹചര്യത്തിലാണ്, 140 മണ്ഡലങ്ങളിലും പട്ടികയില്‍ സമാന എന്‍ട്രികള്‍ വിശദമായ പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് 25നകം പരിശോധന പൂര്‍ത്തിയാക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :