സ്ഥിതിഗതികൾ നിയന്ത്രണവിധേയം, റിപ്പോർട്ട് ലഭിച്ചശേഷം നടപടി: രാജ്‌നാഥ് സിംഗ്

കരിപ്പൂര്‍ വിമാനത്താവളം , സിഐഎസ്എഫ് , രാജ്‌നാഥ് സിംഗ് , കിരൺ റിജ്ജു
ന്യൂഡല്‍ഹി (മലപ്പുറം)| jibin| Last Modified വ്യാഴം, 11 ജൂണ്‍ 2015 (12:15 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ചതിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
വിമാനത്താവളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും. റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെടുക്കും. ഉയർന്ന ഉദ്യോഗസ്ഥർ കരിപ്പൂർ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ച സംഭവം ഗുരുതര സുരക്ഷാവീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പറഞ്ഞു. സിഐഎസ്എഫിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചു. വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനുശേഷം ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. ഡിസ്ട്രിക്ട്സ് ക്രൈം റെക്കോർഡ് ബ്യൂറോ (ഡിസിആർബി) ഡിവൈഎസ്പി എ ഷറഫുദ്ദീനാണ് അന്വേഷണച്ചുമതല. സിഐമാരായ കെഎം ബിജു, ബി സന്തോഷ് എന്നിവരെ സംഘത്തിലുൾപ്പെടുത്തിയിട്ടുണ്ട്.

വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി എന്‍സി ഗോയല്‍ കേരള ഡിജിപി ടിപി സെന്‍കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഡിജിപി ആഭ്യന്തര സെക്രട്ടറിയെ ധരിപ്പിച്ചിട്ടുണ്ട്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് 15 ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാരും സിഐഎസ്എഫ് ജവാന്മാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് വെടിവെപ്പ് ഉണ്ടായതും ജവാന്‍ മരിച്ചതും. അതേസമയം സംഭവത്തിന്റെ
സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :