കൊച്ചി/തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 14 ജൂണ്‍ 2016 (10:40 IST)
കലാഭവൻ മണിയുടെ മരണത്തില്‍ അവ്യക്തത രൂക്ഷമാകുന്നു. കേന്ദ്രലാബിൽ നടത്തിയ രാസപരിശോധനയില്‍ മണിയുടെ ശരീരത്തില്‍ മരണകാരണമാകാവുന്ന അളവിൽ
മെഥനോൾ ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതോടെയാണ് താരത്തിന്റെ മരണം സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കിയത്.
കേന്ദ്രലാബിൽ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ 45 മില്ലിഗ്രാം മെഥനോൾ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. കൊച്ചി കാക്കനാട്ടെ ലാബിൽ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിതെന്നും ഇവയാകാം മരണകാരണമായതെന്നുമാണ് മെഡിക്കൽ സംഘം പറയുന്നത്. ബിയര്‍ കഴിച്ചതില്‍ നിന്നാണ് മെഥനോള്‍ മണിയുടെ ശരീരത്തില്‍ എത്തിയതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, ബിയറില്‍ ഉള്ളതിനേക്കാള്‍ അളവിലുള്ള മെഥനോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതായും കേന്ദ്രലാബിൽ നടത്തിയ രാസപരിശോധനയില്‍ വ്യക്തമായി.
മണിയുടെ ആന്തരികാവയവങ്ങളിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ, ഹൈദരാബാദിലെ കേന്ദ്രലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം തളളുകയും ചെയ്തിരുന്നു. എന്നാൽ, വിഷമദ്യത്തിൽ കാണുന്നയിനം മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
അതേസമയം കലാഭവൻ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സിബിഐക്കു വിട്ടിരുന്നു. മരണത്തില്‍ ഭൂരൂഹത നിലനില്‍ക്കുന്നതിനാല്‍ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐക്കു കൈമാറുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിൽ മാർച്ച് ആറിനാണു കലാഭവൻ മണി മരിച്ചത്.