പെരുമ്പാവൂര്‍|
jibin|
Last Updated:
വെള്ളി, 13 മെയ് 2016 (15:33 IST)
പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ഥി ജിഷയുടെ അമ്മയേയും സഹോദരി ദീപയേയും കാണുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. സമീപവാസികളാണ് മകളുടെ മരണത്തിന് കാരണക്കാരെന്നും തനിക്ക് ചിലരെ സംശയമുണ്ടെന്നും ജിഷയുടെ അമ്മ രാജേശ്വരി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ജിഷയുടെ അമ്മ ചികിത്സയില്‍ കഴിയുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്‌ച ദീപയേയും അമ്മയേയും കാണാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു. പൊലീസ് നടപടിയില്‍ ദുരൂഹതയുള്ളതായി മാധ്യമപ്രവര്‍ത്തകരും വ്യക്തമാക്കി.
അതേസമയം,
ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്‌ട്രീയ ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ വനിത കമ്മീഷന്‍. കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ്‌പക്ഷ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷയില്ല. കേസില്‍ രാഷ്‌ട്രീയബന്ധം സംശയിക്കുന്നതായി ജിഷയുടെ സഹോദരി പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും അവര്‍ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അന്വേഷണ പുരോഗതി റിപ്പോർട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്‍റെ പേരു പറഞ്ഞ് സർക്കാർ അന്വേഷണത്തിൽ അലംഭാവം കാണിക്കുകയാണ്. ഡൽഹിയിൽ നിർഭയ സംഭവത്തിൽ ഉണ്ടായതിന്‍റെ പകുതി പോലും പ്രതിഷേധങ്ങൾ കേരളത്തിൽ ഉണ്ടാകാത്തതിൽ നിരാശയുണ്ടെന്നും അവർ പറഞ്ഞു.