ഐഎ​സില്‍ മലയാളി പത്രപ്രവര്‍ത്തകനും; വിവരങ്ങള്‍ ലഭ്യമായി

ഐഎ​സ് ഐഎ​സ് , ഇസ്ലാമിക് സ്‌റ്റേറ്റ് , ഐഎ​സില്‍ മലയാളി  , കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (08:50 IST)
ലോക സമാധാനത്തിന് ഭീഷണിയായി വളരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരില്‍ (ഐഎ​സ് ഐഎ​സ്) മലയാളികള്‍ ഉണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണമായി. കേരളത്തിൽ നിന്നുള്ള മുൻ യുവ മാധ്യമ പ്രവർത്തകനടക്കം മൂന്ന് മലയാളികള്‍ ഐഎ​സില്‍ ഉണ്ടെന്നാണ് വ്യക്തമായത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ഡിജിപിമാരുടെ ഉന്നതതല യോഗം ഇക്കാര്യം സ്ഥിരീകരിച്ചു.

ഒരു മലയാള പത്രത്തിൽ ജോലി ചെയ്‌തിരുന്ന ഇരുപത്തിനാലുകാരനാണ് അവസാനമായി ഐഎസില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇയാള്‍ പാലക്കാട്ടുള്ള ഒരു പത്രത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയില്‍ ഐഎസിന്റെ ആശയങ്ങളില്‍ ആകൃഷ്‌ടനായ ഇയാള്‍
സംഘടനയുമായി അടുക്കുകയും പ്രചാരകനാകുകയും ചെയ്‌തു. യുവാവിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ യുവാവിനെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും ഇയാള്‍ വഴങ്ങാതെ മുന്നോട്ട് പോകുകയായിരുന്നു. തുടര്‍ന്ന് ഈ വിവരങ്ങള്‍ പൊലീസ് അറിയുകയും ചെയ്‌തതോടെ സംസ്ഥാന സ്പെഷൽ ബ്രാഞ്ച് പൊലീസും ഇയാളെ അടുത്തു നിരീക്ഷിക്കാൻ തുടങ്ങി.

അന്വേഷണം ശക്തമായതോടെ ഇവിടത്തെ ജോലി രാജിവെച്ചു ഗൾഫിലേക്കു പോയി. അവിടെ ഇതേ പത്രത്തിന്റെ വിദേശകാര്യ റിപ്പോർട്ടറായി കുറച്ചുകാലം പ്രവർത്തിക്കുകയും അതിന് ശേഷം വീട്ടുകാരുടെ കടുത്ത എതിർപ്പ് അവഗണിച്ചു സിറിയയിലേക്കു കടക്കുകയുമായിരുന്നു. കുറച്ചുകാലം ഇയാളെക്കുറിച്ചു കാര്യമായ വിവരം ആർക്കുമില്ലായിരുന്നു. പിന്നീടു ലണ്ടനിൽ ഒരു ഐഎസ് പ്രവർത്തകൻ പിടിയിലായപ്പോഴാണ് ഇയാൾ ഉൾപ്പെടെ ചില ഇന്ത്യൻ ഐഎസ് പ്രവർത്തകരെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കു വിശദവിവരം ലഭിച്ചത്. എട്ടു മാസം മുൻപു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഇക്കാര്യം സംസ്ഥാന ആഭ്യന്തര വകുപ്പിനെ രഹസ്യമായി അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :