മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണം

രാമനിലയത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന വഴിയിലാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളിയത്

Suresh Gopi
Suresh Gopi
രേണുക വേണു| Last Modified ബുധന്‍, 28 ഓഗസ്റ്റ് 2024 (20:08 IST)

തൃശൂര്‍ എംപിയും സിനിമാ താരവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് അന്വേഷണം. തൃശൂര്‍ രാമനിലയത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് അന്വേഷണം നടത്തുക. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കരയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനാണ് തൃശൂര്‍ സിറ്റി എസിപിക്കു കമ്മിഷണര്‍ നിര്‍ദേശം നല്‍കിയത്. എസിപി വ്യാഴാഴ്ച അനില്‍ അക്കരയുടെ മൊഴിയെടുക്കും. വേണ്ടിവന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെയും മൊഴിയെടുക്കുമെന്നാണ് വിവരം.

രാമനിലയത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന വഴിയിലാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചു. ചോദ്യം ഉന്നയിച്ചു തന്റെ മുന്നിലേക്ക് എത്തിയ മാധ്യമപ്രവര്‍ത്തകരെ സുരേഷ് ഗോപി ബലമായി പിടിച്ചു തള്ളി.

' ഇത് എന്റെ വഴിയാണ്, എന്റെ അവകാശമാണ്' എന്നു ആക്രോശിച്ചുകൊണ്ട് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ മൈക്ക് സഹിതം തള്ളുകയായിരുന്നു. ജനങ്ങള്‍ക്കറിയേണ്ട ചോദ്യമാണ് ചോദിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ സൗകര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :