aparna shaji|
Last Modified ഞായര്‍, 16 ഒക്‌ടോബര്‍ 2016 (11:43 IST)
ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതായി കണക്ക്. ജലനിരപ്പ് താഴുന്നതോടെ കേരളം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും അളവിൽ ജലനിരപ്പ് കുറയുന്നത്.
മഴ ലഭിക്കാത്തതാണ് പ്രധാന കാരണം. തുലാവര്‍ഷം വേണ്ട രീതിയില്‍ ലഭിക്കാത്തതിനാല്‍ ജില്ലയിലെ മറ്റ് ഡാമുകളിലും വെള്ളം ക്രമാതീതമായി കുറഞ്ഞു.
2349.62 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 അടികുറവാണിത്. 2012നുശേഷമുള്ള ഏറ്റവും കുറഞ്ഞ ജലനിരപ്പും. 2401 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. നിലവിലുള്ള വെള്ളം സംഭരണശേഷിയുടെ നാല്‍പത്തിയഞ്ച് ശതമാനം മാത്രമാണ്. അതായത് പകുതിയില്‍ താഴെ.
രണ്ടാഴ്ചയ്ക്കിടെ പ്രദേശത്ത് രണ്ട് തവണ മാത്രമാണ് മഴ പെയ്തത്. തുലാമഴ ശക്തമായില്ലെങ്കില്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ വൈദ്യുതി ഉല്‍പ്പാദനത്തിന് ഇടുക്കി ഡാമില്‍ നിന്ന് വെള്ളം ലഭിക്കാതെയാകും. മഴ കുറഞ്ഞതോടെ നീരൊഴുക്ക് നിലച്ചതാണ് ഡാമിലെ ജലനിരപ്പ് ഇത്രയും താഴാന്‍ കാരണം.