രേണുക വേണു|
Last Modified വ്യാഴം, 15 ഓഗസ്റ്റ് 2024 (11:21 IST)
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യത. ശ്രീലങ്കന്‍ തീരത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ചക്രവാത ചുഴി ദുര്‍ബലമായതിനു പിന്നാലെ കേരള തീരത്ത് കൊച്ചിക്കു സമീപം പുതിയ അന്തരീക്ഷ ചുഴി രൂപപ്പെട്ടു.
കൊച്ചി തീരത്തോട് ചേര്‍ന്ന് സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ആയാണ് അന്തരീക്ഷ ചുഴി രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂര്‍ തുടരാനാണ് സാധ്യത. ഇന്ന് കേരളത്തില്‍ പൊതുവെ മഴ കുറയുമെങ്കിലും വെള്ളിയാഴ്ച മുതല്‍ മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ന് വടക്കന്‍ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയുള്ളത്. നാളെ മുതല്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കും.
ശനി, ഞായര്‍ ദിവസങ്ങളില്‍ (ഓഗസ്റ്റ് 17, 18) കേരളത്തില്‍ തീവ്രമഴയ്ക്കു സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ തീവ്ര മഴ പ്രതീക്ഷിക്കാം. അടുത്ത നാല് ദിവസം അറബിക്കടലില്‍ ശക്തമായ മഴയും മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് പാലിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാവൂ.