ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 9 ഫെബ്രുവരി 2018 (18:44 IST)
രാജ്യത്തെ ആരോഗ്യമേഖലയിലെ സമഗ്രമികവിനുള്ള ഒന്നാം സ്ഥാനം കേരളം സ്വന്തമാക്കി. നിതി ആയോഗ് ആദ്യമായി പുറത്തിറക്കിയ ദേശീയാരോഗ്യ റിപ്പോർട്ടിലാണു കേരളം മികവു പുലർത്തിയത്.
പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ പഞ്ചാബും തമിഴ്നാടുമാണ് തൊട്ടുപിന്നിൽ. ഉത്തർ പ്രദേശാണ് ആരോഗ്യ രംഗത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനം. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിൽ സമഗ്ര മികവിൽ ലക്ഷദ്വീപിനാണ് ഒന്നാം സ്ഥാനം.
76.55 മുതൽ 80.00 സ്കോർ കേരളം നേടിയപ്പോള്‍ 62.02-65.21 സ്കോറാണ് പഞ്ചാബ് സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്ത് എത്തിയ തമിഴ്നാടിന് 63.28-63.38 സ്കോർ
ആണുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെയും വേൾഡ് ബാങ്കിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ
ആരോഗ്യ വളർച്ച സംബന്ധിച്ച പട്ടിക തയ്യാറാക്കിയത്.
കേരളം മുന്നിൽ എത്തിയെങ്കിലും ചില മേഖലകളിൽ പിന്നിലായെന്നു റിപ്പോർട്ടിൽ പറയുന്നു. നവജാതശിശു മരണനിരക്ക്, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് തുടങ്ങിയവയിൽ കേരളം മെച്ചപ്പെടാനുണ്ട്.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പ്രീതി സുദൻ, ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടർ ജുനൈദ് അഹമ്മദ് എന്നിവരാണു റിപ്പോർട്ട് പ്രകാശിപ്പിച്ചത്.
വാർഷിക പ്രകടനത്തിൽ ജാർഖണ്ഡ്, ജമ്മു കശ്മീർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ മുന്നിലെത്തി. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ സമഗ്ര മികവിൽ മിസോറം ഒന്നാമതെത്തി. മണിപ്പുർ ആണു തൊട്ടുപിന്നിൽ. വാർഷിക പ്രകടനത്തിൽ ഗോവയാണു മുന്നിൽ.