വീണ്ടും ഘര്‍ വാപസി, കേരളത്തില്‍ 200 പേര്‍ ഹിന്ദുക്കളായെന്ന് വി‌എച്ച്‌പി

തൊടുപുഴ| vishnu| Last Modified ഞായര്‍, 18 ജനുവരി 2015 (13:58 IST)
പ്രധാന മന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സര്‍ക്കാരും സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പുനര്‍ മതപരിവര്‍ത്തനമായ ഘര്‍ വാപസിയെ എതിര്‍ത്തിട്ടും കേരളത്തില്‍ വീണ്ടും ചടങ്ങു നടന്നു.200 പേര്‍ ഘര്‍ വാപസിയിലൂടെ ഹിന്ദുക്കളായിമാറിയെന്ന് വിശ്വ ഹിന്ദു പരിഷത് അവകാശാപ്പെട്ടു. ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നടന്ന ചടങ്ങുകളില്‍ കൂടിയാണ് ഇത്രയും ആളുകള്‍ ഹിന്ദുക്കളായതെന്ന് ഘര്‍ വാപസിക്ക് ചുക്കാന്‍ പിടിക്കുന്ന ഹിന്ദു ഹെല്‍‌പ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.

ഇടുക്കി ഏലപ്പാറയില്‍ 37 കുടുംബങ്ങളില്‍ നിന്നായി നൂറിലധികം പേരും, ആലപ്പുഴയില്‍ അഞ്ചു കുടുംബങ്ങളില്‍ നിന്നായി 27 പേരുമാണ് ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയത്. ഇടുക്കി ജില്ലയിലെ ഏലപ്പാറ കീഴെ പിരന്തന്‍ ക്ഷേത്രത്തിലാണ് ഘര്‍ വാപസി നടന്നത്. ആലപ്പുഴയില്‍ കായംകുളം വാരണപ്പിള്ളി ക്ഷേത്രത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നേരത്തെ ആലപ്പുഴയിലും, കോട്ടയത്തും വിഎച്ച്പി സംഘടിപ്പിച്ച മതപരിവര്‍ത്തനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ലോകസഭയില്‍ ഉള്‍പ്പെടെ ഇക്കാര്യം ചര്‍ച്ചയായി.

ഇതിനു ശേഷമാണ് മോഡിയും കേന്ദ്രസര്‍ക്കാരും ഘര്‍വാപസിക്കെതിരെ രംഗത്ത് വന്നത്. എന്നാല്‍ അത് അവഗണിച്ചുകൊണ്ടാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന മതപരിവര്‍ത്തന ചടങ്ങുകള്‍. ഇടുക്കിയിലും, ആലപ്പുഴയിലും നടന്ന ചടങ്ങില്‍ ദളിത് ക്രൈസ്തവരാണ് ഹിന്ദുക്കളായത്. എണ്‍പതു വയസുള്ളയാളും മതപരിവര്‍ത്തനത്തിലൂടെ ഹിന്ദുമതം സ്വീകരിച്ചു. അടുത്തുതന്നെ ഇടുക്കിയില്‍ അഞ്ഞൂറോളം പേര്‍ ഹിന്ദുമതത്തിലേക്കു തിരികെ എത്തുമെന്നാണ് ഹിന്ദു ഹെല്‍‌പ് ലൈന്‍ പറയുന്നത്.

എന്നാല്‍ മതം മാറിയവരുടെ വിവരങ്ങള്‍ നല്‍കാന്‍ വിഎച്ച്പി തയാറായിട്ടില്ല. ഇതിനുമുമ്പ് ആലപ്പുഴയില്‍ മൂന്ന് മുസ്ലിം കുടുംബങ്ങളിലെ 11 പേരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്ന് സംഘടന അവകാശവാദം നടത്തിയിരുന്നു. കായംകുളത്തെ രണ്ടും ആറാട്ടുപുഴയിലെ ഒന്നും കുടുംബങ്ങളിലെ അംഗങ്ങള്‍ മതംമാറിയെന്നാണ് വിശ്വഹിന്ദു പരിഷത്ത് ചെങ്ങന്നൂര്‍ ജില്ലാ ഭാരവാഹികള്‍ പറഞ്ഞിരുന്നത്. കായംകുളം പുതുപ്പള്ളി കിഴാവൂര്‍ യക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ നടന്ന മതംമാറ്റ ചടങ്ങിന്‍്റെ ചിത്രവും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച അന്വേഷണത്തിലും പൊലീസിന് മതംമാറിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :