വജ്രവ്യാപാരത്തിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ ആൾ പിടിയിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 29 ജൂണ്‍ 2023 (13:54 IST)
പാലക്കാട്: വജ്ര വ്യാപാരം നടത്തി വൻ ലാഭവിഹിതം വാഗ്ദാനം നൽകി ഒന്നേകാൽ കോടി രൂപ തട്ടിയെടുത്ത ആൾ പിടിയിലായി. കിഴക്കഞ്ചേരി പാണ്ടാംകോട് കിഴക്കുമശേരി ഷാജി എന്ന നാല്പത്തെട്ടുകാരനാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്.

വടക്കഞ്ചേരിയിൽ അക്യൂമെൻ ഡയമണ്ട് എന്ന സ്ഥാപനത്തിന്റെ പേരിൽ പലരിൽ നിന്നായി ഇയാൾ നിക്ഷേപങ്ങൾ സ്വീകരിച്ചു. ബാങ്ക് പലിശയേക്കാൾ ഉയർന്ന ലാഭവിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ചു 2021 ജനുവരി - 2022 ഒക്ടോബർ കാലയളവിലാണ് ഇയാൾ പണം സ്വീകരിച്ചത്.

പണം കിട്ടാതായതോടെ നിക്ഷേപകനായ മറിയപ്പാടം സ്വദേശി പരാതി നൽകി. ഇയാളിൽ നിന്ന് 9922000 രൂപയും ഇയാളുടെ പരിചയക്കാരിൽ നിന്ന് ബാക്കി തുകയും വാങ്ങി എന്നായിരുന്നു പരാതി. കേസായതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. വിദേശത്തേക്ക് കടക്കാനും ശ്രമിച്ചു.

എന്നാൽ പോലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതോടെ ഇയാൾ മുൻ‌കൂർ ജാമ്യം നേടാനായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇയാൾ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും ചെയ്തു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :